തിരുവനന്തപുരം > തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നു മുതൽ ഓൺലൈനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ് വെയർ തയാറാക്കി വരികയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റിവലിന്റെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണത്തിലൂടെ അധികാരവും ആസൂത്രണവും പ്രാദേശിക തലങ്ങളിലേക്ക് വികേന്ദ്രീകരിച്ച് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. ഇതേ രീതിയിൽ ഉത്പാദന സംരംഭങ്ങൾ വികേന്ദ്രീകരിച്ച് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. ഇതിനായി വ്യവസായ വകുപ്പുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേണുകളുടെ സേവനം ലഭ്യമാക്കി. ഇതിലൂടെ ചെറുകിട സംരംഭങ്ങളും തൊഴിലവസരങ്ങളും വർധിച്ചു.
മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണങ്ങൾ ത്വരിതപ്പെടുത്തിയിട്ടുള്ളത് വൈജ്ഞാനികമായ അന്വേഷണങ്ങളാണ്. കൂടുതൽ നീതിയുക്തവും സമത്വാധിഷ്ഠിതവുമായ സാമൂഹിക ക്രമത്തിലേക്കുള്ള ചുവടുവെയ്പ്പുകൾ വിജ്ഞാനത്തിന്റെ വളർച്ചയെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് വിജ്ഞാനം തന്നെ മൂലധനമായി മാറുകയും സമ്പത്തുല്പാദനത്തിൽ പങ്കുവഹിക്കുകയും ചെയ്യുന്ന കാലമാണ്. ഈ സാധ്യതകൾ ഉപയാഗപ്പെടുത്തി കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയും വിജ്ഞാന സമൂഹവുമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വിജ്ഞാനത്തിന്റെ പൂർണമായ ജനാധിപത്യവൽക്കരണമാണ് ഇതിനുള്ള മാർഗമെന്നും മന്ത്രി പറഞ്ഞു.
കൈറ്റ് സിഇ ഒ അൻവർ സാദത്ത് സ്വാഗതവും ഡി.എ. കെ.എഫ്. ജനറൽ സെക്രട്ടറി ടി.ഗോപകുമാർ നന്ദിയും പറഞ്ഞു.