തിരുവനന്തപുരം > ഓണം പ്രമാണിച്ച് റേഷൻ കടകൾവഴി വെള്ളകാർഡ് ഉടമകൾക്കും നീല കാർഡ് ഉടമകൾക്കും 5 കിലോ അരിവീതം വിതരണം ചെയ്തു തുടങ്ങി. നിലവിലുള്ളതിനുപുറമേയാണ് 5 കിലോവീതം വിതരണം ചെയ്യുന്നത്. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച കിഴക്കേക്കോട്ട നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശനിയാഴ്ച ജില്ലാതല ഉദ്ഘാടനങ്ങളും 23ന് മണ്ഡലാടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങളും നടക്കും.
എയർ കണ്ടീഷൻ സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടായിരിക്കും. പ്രാദേശിക കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും ജില്ലാ ഓണം ഫെയറിന്റെ പ്രത്യേകതയാണ്.
സബ്സിഡി സാധനങ്ങൾക്കുപുറമേ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് നൽകുന്ന കോംബോ ഓഫറുകൾ ഉപഭോക്താക്കൾക്ക് സഹായമാകും. എട്ടാംവർഷത്തിലും 13 ഇന അവശ്യ സാധനങ്ങളുടെ വില വർധിപ്പിച്ചിട്ടില്ല എന്നതും ജനങ്ങൾക്ക് ആശ്വാസമേകും.