സ്വാഗ്, സ്റ്റൈൽ, ഡയലോഗ് ഡെലിവറി- ഇവയിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ രജനികാന്ത് എന്ന ബ്രാൻഡിനോളം ഉയർന്ന് നിൽക്കുന്നവരില്ല. ആ വാദത്തെ ഒന്ന് കൂടെ അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയാണ് നെൽസൺ ദിലീപ് കുമാറിന്റെ ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന രജനികഥാപാത്രത്തെ മുൻനിർത്തി നെൽസൺ സൃഷ്ടിച്ച സിനിമാ പരിസരം പുതുമയുള്ളതൊന്നുമല്ല. എന്നാൽ അതിന്റെ പരിചരണവും പാൻ ഇന്ത്യൻ അപ്രോച്ചോടെ നടത്തിയ കഥാപാത്ര നിർണയവും സിനിമയുടെ സാധ്യതയെ വല്ലാതെ ഉയർത്തി.
ആ സിനിമാറ്റിക് ഡിസൈനിൽ തന്നെ പ്രേക്ഷകരെ തൃപ്തിപെടുത്താനുള്ള ചേരുവകൾ ചേർക്കാനുള്ള ഇടം ഉറപ്പാക്കി. അതിലേക്ക് മോഹൻലാൽ, ജാക്കി ഷ്രോഫ്, ശിവരാജ്കുമാർ തുടങ്ങിയ വൻ താരങ്ങളെ എത്തിച്ചു. സിനിമാ രംഗങ്ങളെ മൊത്തത്തിൽ ഉയർത്തുന്ന അനിരുദ്ധിന്റെ സംഗീതം ആരാധക പ്രതീക്ഷകൾക്ക് മേൽ നിർത്തുന്ന സിനിമയായി ജയിലറിനെ മാറ്റി. ഒരു രജനികാന്ത് പടത്തിൽ സ്ക്രീൻ പ്രസൻസിൽ രജനിയോട് കിട പിടിക്കാൻ കഴിയുന്ന ഒരാൾ. അത് ഒരു അസാമാന്യ ആലോചനയാണ്. ചിന്തിക്കാൻ പോലും പെട്ടെന്ന് കഴിയാത്ത ഒന്ന്. അത്രമേൽ സാധ്യമല്ലാത്ത കാഴ്ചയുടെ അവതരണമാണ് വിനായകനിലൂടെ നടന്നത്.
രജനി, നെൽസൺ, വിനായകൻ എന്നീ മൂന്നുപേർക്കും തങ്ങളുടെ സിനിമ ജീവിതത്തിൽ നാഴികക്കല്ലാകും ജയിലർ. താരമെന്ന നിലയിൽ ഇനിയൊന്നും രജനിയ്ക്ക് തെളിയിക്കാനില്ല. പക്ഷെ സിനിമാ ജീവിതത്തിന്റെ അവസാന കാലത്തിലാണ് താൻ എന്ന് സൂചനകൾ നൽകിയ രജനിയ്ക്ക് കഴിഞ്ഞ സിനിമകളിൽ നേരിട്ട തിരിച്ചടികളിൽ നിന്ന് ഒരു ഉയർത്തെഴുന്നേൽപ്പ് ആവശ്യമായിരുന്നു. കൊലമാവ് കോകില, ഡോക്ടർ എന്നീ സിനിമകളിലൂടെ വലിയ പ്രതീക്ഷ നൽകിയ നെൽസണ് പക്ഷെ ബീസ്റ്റിൽ അടിത്തെറ്റി. തന്റെ സിനിമാ കരിയർ തന്നെ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ നിന്നാണ് ജയിലർ വരുന്നത്. രജനിയെ ഉപയോഗിച്ചുള്ള സ്ഥിരം ഫോർമാറ്റ് രജനിപടം എന്ന സുരക്ഷിതത്വത്തിന് കീഴടങ്ങാതെയാണ് നെൽസൺ പടമൊരുക്കിയത്. കോരിത്തരിപ്പിക്കുന്ന ഇൻട്രോ, അതിനു പിന്നാലെ എത്തുന്ന പാട്ട്. ഈ ശൈലിയെ പാടെ അവഗണിച്ച് തന്റെ ശൈലിയിലുള്ള പടമാണ് നെൽസൺ ഒരുക്കിയത്. തന്റെ ക്രാഫ്റ്റ്മാൻഷിപ്പിൽ സ്വയം വിശ്വസിച്ച് നടത്തിയ പരിശ്രമമാണ് പക്കാ രജനി ഷോയിലും നെൽസൺ സിഗ്നേച്ചറുള്ള പടം സാധ്യമാക്കിയത്.
വർഷങ്ങളായി വിനായകൻ സിനിമയിലുണ്ട്. അപൂർവമായി തേടിയെത്തുന്ന കഥാപാത്രങ്ങൾ ഒഴികെ മറ്റെല്ലാം നായകന്റെ ഹീറോവൽകരണത്തിന് കരുത്ത് പകരാൻ ഇടിയേറ്റ് വീഴുന്ന കഥാപാത്രങ്ങളാണ്. മലയാള സിനിമയിൽ ഇനിയൊരു അവസരം തരില്ലെന്ന് താര സംഘടനയുടെ ഭാരവാഹിയായ ഇടവേള ബാബു പരസ്യമായി പ്രഖ്യാപിച്ചു. നിർമാതാക്കളുടെ സംഘടനയുടെ പുതിയ ഭാരവാഹി ലിസ്റ്റിൻ സ്റ്റീഫൻ തന്റെ സിനിമകളിൽ നിന്ന് വിനായകനെ അകറ്റി നിർത്തുന്നതിനെക്കുറിച്ചും പറഞ്ഞു. ആ ഘട്ടത്തിലാണ് രജനിയെ വിറപ്പിച്ച പ്രതിനായകനായി വിനായകൻ എത്തുന്നത്.
രജനി നിറഞ്ഞ് നിൽക്കുമ്പോഴും രജനിയോട് ‘മനസ്സിലായോ സാറേ’ എന്ന് തിരിച്ച് ചോദിച്ച് വിനായകൻ ഉയർത്തുന്ന ആവേശം ചില്ലറയല്ല. നോട്ടത്തിലും ചിരിയിലും ശരീര ഭാഷയിലും നിങ്ങൾക്ക് മാറ്റി നിർത്താൻ പറ്റുന്നവനല്ല ഈ വിനായകൻ എന്നതടക്കമുള്ള ഓര്മപ്പെടുത്തലാണ് വിനായകന്റെ പ്രകടനം. വിനയാകൻ നടനാകാൻ എത്തിയവനാണ് ഇവിടെ തന്നെ കാണുമെന്ന പ്രഖ്യാപനം. വരാനിരിക്കുന്ന കാലം തന്റേതാണ്, അതിലേക്കുള്ള തുടക്കമാണ് വർമ്മൻ എന്നാണ് തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകനോട് നിശബ്ദമായി വിനായകൻ പറയുന്നത്. ആ പ്രഖ്യാപനത്തെ കൈയടിച്ച് സ്വീകരിക്കുന്ന പ്രേക്ഷകൻ വരാനിരിക്കുന്ന കാലം വിനായകന്റേത് കൂടിയാണെന്ന് മറുസാക്ഷ്യം നൽകുന്നുമുണ്ട്.
പലയാവർത്തി പറഞ്ഞു മടുത്ത കഥാപശ്ചാത്തലം തന്നെയാണ് ജയിലറിന്റേതും. മകനെ രക്ഷിക്കാനിറങ്ങുന്ന അച്ഛൻ. നിശബ്ദനായിരിക്കുന്ന എന്നാൽ വലിയൊരു ഭൂതകാലമുള്ള അച്ഛൻ. അയാൾ വീണ്ടും രക്ഷകനായി അവതരിക്കുന്നു. ഏത് സിനിമയിലേതാണെന്ന് പോലും ആലോചിക്കാൻ കഴിയാത്ത ഈ കഥ തന്നെയാണ് ജയിലറും. അപ്രതീക്ഷിതമായി കടന്ന് വരുന്ന ട്വിസ്റ്റുകളോ സസ്പെൻസുകളോ ഇല്ല. പക്ഷെ കേട്ടു കണ്ടും മടുത്ത കഥയിൽ കോമഡിയും ആക്ഷനും ചേർത്ത് നെൽസൺ ഒരു കാഴ്ചപൂരം സൃഷ്ടിക്കുകയാണ്. സിനിമയുടെ ഹൈവോൾട്ട് ഫീൽ താഴാതെ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം ഉപയോഗിച്ച് നടത്തുന്ന ഒരു കൺകെട്ട് പരിചരണമാണ് പടത്തിന്റേത്. തിയറ്ററിലിരിക്കുന്ന സമയം പ്രേക്ഷകരെ മറ്റൊന്നും ചിന്തിപ്പിക്കാതെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യം പടം കൃത്യമായി സാധിച്ചെടുക്കുന്നുണ്ട്.
അതിഥി വേഷങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതിലാണ് സിനിമയുടെ മറ്റൊരു വിജയം. മോഹൻലാലിന്റെ മാത്യൂസ്, മാഫിയതലവൻ നരസിമ്മയായി ശിവ രാജ്കുമാർ, ജാക്കി ഷെറൊഫിന്റെ കാമ്ദേവ്, ഇവരെയെല്ലാം സിനിമയുടെ മാസ് ഉയർത്തുന്ന രീതിയിൽ അതേസമയം കഥാഘടനയോട് ചേർത്തി നിർത്തി അവതരിപ്പിച്ചു. മലയാളി പ്രേക്ഷകരെ സംബന്ധിച്ച് കുറേകാലമായി നഷ്ടമായ മോഹൻലാൽ കരിഷ്മ മിനിറ്റുകളിൽ മാത്രമാണെങ്കിലും തിരിച്ച് തന്ന പടമാണ്. മോഹൻലാലിനെ കൃത്യമായി അവതരിപ്പിച്ചാൽ ഇനിയും തിയറ്റർ പൂരപറമ്പാകുന്ന കഥാപാത്രങ്ങൾക്ക് സാധ്യതയുണ്ടെന്ന് മാത്യൂസ് തെളിയിക്കുന്നുണ്ട്.
അസാമാന്യ സ്ക്രീൻ പ്രസൻസുള്ള താരങ്ങളെ അതിലും അസാമ്യനായി അവതരിപ്പിച്ച പടമെന്നാണ് ഒറ്റവാക്കിൽ ജയിലർ. അനിരുദ്ധിന്റെ സംഗീതമാണ് സിനിമയുടെ താളം. പരാജയത്തിന്റെ പേരിൽ അപമാനിക്കപ്പെട്ട നെൽസന്റെ സിനിമാറ്റിക്ക് മറുപടി. സൂപ്പർ സ്റ്റാറായി പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്നത് എങ്ങനെയെന്ന് വീണ്ടും കാണിച്ച് തരുന്ന രജനി ജോ. കമ്മട്ടിപ്പാടത്ത് നിന്ന് തലൈവരുടെ പ്രതിനായകൻ എന്ന നേട്ടത്തിലേക്കുള്ള വിനായകന്റെ യാത്ര.
രജനിയെന്ന സൂപ്പർ സ്റ്റാറിനായി ഒരുക്കിയ ഇടത്തിൽ താനും സൂപ്പർ സ്റ്റാറാണെന്ന വിനായകന്റെ സിനിമാറ്റിക് പ്രഖ്യാപനം കൂടിയാണ് പടമെന്ന് പറയാതെ ജയിലറിനെക്കുറിച്ച് പറയുന്നതിന് ഒന്നിന്നും പൂർണതയുണ്ടാകില്ല. അതേ.. നെൽസൺ, രജനി, വിനായകൻ എന്നിവരുടെ പടമാണ് ജയിലർ.