ചെന്നൈ > മെഡിക്കല് പൊതുപ്രവേശന പരീക്ഷയായ നീറ്റില് തോറ്റതോടെ തമിഴ്നാട്ടില് പത്തൊമ്പതുകാരന് ജീവനൊടുക്കിയതിനു പിന്നാലെ പിതാവിനെ മരിച്ച നിലയില് കണ്ടെത്തി. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെയാണ് സമര്ഥനായ വിദ്യാര്ഥിയായിരുന്ന എസ് ജഗദീശ്വരന് ശനിയാഴ്ച ചെന്നൈയിലെ വീട്ടില് ആത്മഹത്യ ചെയ്തത്. മകന്റെ സംസ്കാരചടങ്ങില് പങ്കെടുത്ത ഫോട്ടോഗ്രാഫര്‍ കൂടിയായ പിതാവ് സെല്വശേഖറെ തൊട്ടടുത്തദിവസം വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
തമിഴ് മാധ്യമത്തില് പഠിച്ചിറങ്ങുന്ന സാധാരണ കുടുംബങ്ങളില്നിന്നുള്ള സമര്ഥരായ വിദ്യാര്ഥികള്ക്കുപോലും ദേശീയതലത്തില് നടത്തുന്ന പൊതുപരീക്ഷയില് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുന്നില്ലെന്ന വിമര്ശം ശക്തമാണ്. നീറ്റില് പരാജയമറിഞ്ഞ നിരവധി വിദ്യാര്ഥികള് തമിഴ്നാട്ടില് ജീവനൊടുക്കി. നീറ്റ് പരീക്ഷ മൂലമുള്ള അവസാന മരണമാകട്ടെ ഇതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതികരിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കാന് 2021ല് ഡിഎംകെ സര്ക്കാര് ബില് പാസാക്കിയെങ്കിലും ഗവര്ണര് ആര് എന് രവി ഒപ്പിടാന് തയ്യാറായിരുന്നില്ല.