കുവൈത്ത് സിറ്റി > കുവൈത്ത് സീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഡൈവിംഗ് റിവൈവൽ വോയേജിന്റെ 32-ാമത് പേൾ ഡൈവിംഗ് ഫെസ്റ്റിവലിന് കുവൈത്തിൽ തുടക്കമായി
കുവൈത്തിലെ പരമ്പരാഗത മുത്ത് മത്സ്യബന്ധനത്തെ അനുസ്മരിച്ചുകൊണ്ട് കുവൈത്ത് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സ്പോൺസർഷിപ്പിലാണ് വാർഷിക പരിപാടി നടന്നത്. 60ഓളം കുവൈത്തി യുവാക്കളാണ് രണ്ട് ചെറുകപ്പലുകളിലായി ശനിയാഴ്ച കടലിലേക്ക് യാത്ര തിരിച്ചത്. ആറു ദിവസം കഴിഞ്ഞാണ് മടങ്ങിവരവ് .
മുൻകാലങ്ങളിൽ മനുഷ്യനിർമിത കപ്പലുകളിൽ മുത്തുകളെ ലക്ഷ്യമാക്കിയുള്ള യാത്രകൾ ജീവിതത്തിന്റെ പ്രധാന സ്രോതസ്സായിരുന്നു. 1986ലാണ് കുവൈത്ത് സീ സ്പോർട്സ് ക്ലബ് ഈ വാർഷിക ഫെസ്റ്റിവലിന് തുടക്കമിട്ടത്. വാർത്ത വിതരണ മന്ത്രാലയം പങ്കെടുത്തവർക്ക് അഞ്ച് ചെറുകപ്പലുകളും നൽകി .അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹും കപ്പലുകൾ സമ്മാനിച്ചിരുന്നു.
ചടങ്ങിൽ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബഷാർ അബ്ദുല്ല, സീ ക്ലബ് മേധാവി ഫഹദ് അൽ ഫഹദ് എന്നിവർ പങ്കെടുത്തു.രാജ്യത്തിന്റെ സമുദ്ര പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ദേശീയ പ്രവർത്തനങ്ങളിലൊന്നായതിനാൽ ആറ് ദിവസത്തെ യാത്ര സുപ്രധാനമാണെന്നും , യഥാർഥ പൈതൃകത്തെ യുവാക്കൾക്കിടയിൽ ഓർമപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ അനുഭവം പൂർവികരെയും അവർ അനുഭവിച്ച കഠിനാധ്വാനത്തിന്റെയും സാഹസികതയുടെയും പുനരുജ്ജീവനമാണ് ഈ പ്രവർത്തനത്തിന്റെ കാതൽ എന്നും ഇരുവരും സൂചിപ്പിച്ചു.















