ന്യൂഡൽഹി
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട ഒമ്പതു കേസുകൂടി സിബിഐ ഏറ്റെടുക്കും. നിലവിൽ എട്ട് കേസ് സിബിഐ അന്വേഷിക്കുന്നുണ്ട്. സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട കേസുകളെല്ലാം നിലവിൽ സിബിഐയുടെ അന്വേഷണ ചുമതലയിലാണ്. ചുരാചന്ദ്പുരിൽ ഒരു മെയ്ത്തീ സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട കേസും സിബിഐ ഏറ്റെടുക്കും.
ഇതുവരെ ഏറ്റെടുത്ത കേസുകളിൽ സിബിഐയുടെ അന്വേഷണം മന്ദഗതിയിലാണ്. അന്വേഷണവുമായി ജനങ്ങൾ സഹകരിക്കാത്തതാണ് പ്രധാന വെല്ലുവിളി. കുക്കി വിഭാഗക്കാർ ആക്രമിക്കപ്പെട്ട കേസുകളാണ് സിബിഐ കൂടുതലും ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സിബിഐ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപം മെയ്ത്തീകൾക്കുണ്ട്.
സിബിഐ ഏറ്റെടുത്ത കേസുകൾ ഏറെയും എസ്സി–-എസ്ടി വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. കുറഞ്ഞത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണം ഇത്തരം കേസുകൾ അന്വേഷിക്കാൻ. അതുകൊണ്ടുതന്നെ എസ്പി–- ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സിബിഐക്ക് കൂടുതലായി മണിപ്പുരിലേക്ക് വിന്യസിക്കേണ്ടി വരും.
ലൈംഗികപീഡന കേസുകൾ ഉള്ളതിനാൽ വനിതാ ഉദ്യോഗസ്ഥരെയും കൂടുതലായി വിന്യസിക്കേണ്ടി വരും. സിബിഐ സംഘത്തിൽ മറ്റ്സംസ്ഥാനങ്ങളിൽ നിന്നുള്ള 5 പൊലീസ് ഉദ്യോഗസ്ഥർ വേണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ് പട്സാൽഗികർക്ക് മണിപ്പുർ കേസുകളുടെ അന്വേഷണ മേൽനോട്ടവും കോടതി നൽകിയിട്ടുണ്ട്.















