ന്യൂഡൽഹി
സ്വാതന്ത്ര്യദിനം മുൻനിർത്തി രാജ്യത്ത് സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്തി. ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം മണിപ്പുരിലെ മെയ്ത്തീ, കുക്കി സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ വന്നിരുന്നു.
പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ ആരെങ്കിലും പ്രതിഷേധ സൂചകമായി പോസ്റ്ററുകൾ ഉയർത്തുകയോ മുദ്രാവാക്യങ്ങൾ മുഴക്കുകയോ ചെയ്യുമെന്ന ആശങ്കയും സുരക്ഷാഏജൻസികൾക്കുണ്ട്. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് സമീപം വാഹനഗതാഗതം ഞായറാഴ്ച മുതൽ വിലക്കി. മറ്റിടങ്ങളിൽ പരിശോധന കർക്കശമാക്കുകയും ചെയ്തു.
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലേക്ക് 1800 പ്രത്യോകാതിഥികൾക്ക് ക്ഷണമുണ്ട്. തെരഞ്ഞെടുത്ത ഗ്രാമമുഖ്യൻമാർ, കാർഷികോൽപ്പാദന സംഘടനാ പ്രതിനിധികൾ, വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, സെൻട്രൽ വിസ്ത തൊഴിലാളികൾ, അതിർത്തിറോഡുകൾ നിർമിക്കുന്ന തൊഴിലാളികൾ, പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരാണ് പ്രത്യേകാതിഥി പട്ടികയിലുള്ളത്.
മലയാളിയായ മേജർ നികിതാ നായർ, മേജർ ജാസ്മിൻ കൗർ എന്നിവരാണ് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നതിന് പ്രധാനമന്ത്രിയെ സഹായിക്കുക. ചെങ്കോട്ടയിലെ ചടങ്ങുകൾ പൂർണമായും കരസേനയാണ് നിയന്ത്രിക്കുക. എല്ലാ സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്.















