പാരിസ്
പിഎസ്ജിയും കിലിയൻ എംബാപ്പെയും തമ്മിലുള്ള തർക്കം അവസാനിക്കുന്നു. എംബാപ്പെ പിഎസ്ജിയിൽ പരിശീലനത്തിനായി തിരിച്ചെത്തി. അടുത്തമത്സരത്തിൽ ക്ലബ്ബിനായി ഇരുപത്തിനാലുകാരൻ കളിക്കും. ഈ സീസണിൽ തുടരും. കരാർ പുതുക്കുമെന്നാണ് സൂചന. അടുത്തവർഷമാണ് കരാർ അവസാനിക്കുന്നത്. ഒരു വർഷംകൂടി തുടർന്നേക്കും.
ഫ്രഞ്ച് ഫുട്ബോൾ ലീഗ് പുതിയ സീസണിനുമുന്നോടിയായുള്ള പരിശീലനത്തിൽ എംബാപ്പെ പങ്കെടുത്തിരുന്നില്ല. ഇതോടെ സീസണിലെ ടീമിന്റെ ആദ്യകളിയിൽ ഉൾപ്പെട്ടതുമില്ല. കാഴ്ചക്കാരനായാണ് ഫ്രഞ്ച് ക്യാപ്റ്റൻ സ്റ്റേഡിയത്തിൽ എത്തിയത്. ലോറിയെന്റുമായായിരുന്നു കളി. ഗോൾരഹിതമായാണ് ലൂയിസ് എൻറിക്വെയുടെ സംഘം കളി അവസാനിപ്പിച്ചത്. ലോറിയെന്റുമായുള്ള കളിക്കുമുമ്പ് എംബാപ്പെയുമായി പിഎസ്ജി മാനേജ്മെന്റ് ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ക്ലബ്ബിൽ തുടരാനുള്ള താൽപ്പര്യം ഫ്രഞ്ചുകാരൻ അറിയിക്കുകയായിരുന്നു.
കരാർ അവസാനിക്കുന്ന ഘട്ടത്തിൽ അടുത്തവർഷം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് ചേരുമെന്നായിരുന്നു അഭ്യൂഹം. അങ്ങനെ സംഭവിച്ചാൽ വൻ സാമ്പത്തികനഷ്ടമുണ്ടാകുമെന്ന് പിഎസ്ജി കണക്കുകൂട്ടി. ഇതോടെ ഒന്നുകിൽ ഈ സീസണിൽ ക്ലബ് വിട്ടുപോകണം അല്ലെങ്കിൽ കരാർ നീട്ടണമെന്ന് പിഎസ്ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ഈ രണ്ട് ആവശ്യവും ഫ്രഞ്ച് ലോകകപ്പ് താരം നിരാകരിക്കുകയായിരുന്നു. തുടർന്നാണ് എംബാപ്പെയെ ഏഷ്യൻ പര്യടനത്തിൽനിന്നുള്ള ടീമിൽനിന്ന് ഒഴിവാക്കിയത്. ഇതിനിടെ സൗദി ക്ലബ് അൽ ഹിലാലിന്റെ വൻ വാഗ്ദാനവും തേടിയെത്തി. ഇതും നിരാകരിച്ചു. ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലായിരുന്നു ചർച്ച. അനുകൂലമായാണ് എംബാപ്പെ പ്രതികരിച്ചതെന്ന് പിഎസ്ജി വ്യക്തമാക്കി. ലോറിയെന്റിനെതിരെ എംബാപ്പെയ്ക്കുപുറമേ നെയ്മറും കളിച്ചില്ല. നെയ്മർ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ബാഴ്സലോണയിൽനിന്ന് എത്തിച്ച ഉസ്മാൻ ഡെംബെലെയും ഇറങ്ങിയില്ല. എംബാപ്പെയ്ക്കൊപ്പം കളി കാണാൻ ഡെംബെലെയുമുണ്ടായിരുന്നു.
2017ലാണ് എംബാപ്പെ പിഎസ്ജിയിൽ എത്തിയത്. മൊണാകോയിൽനിന്ന് വായ്പാടിസ്ഥാനത്തിൽ എത്തിയ ഫ്രഞ്ചുകാരൻ റെക്കോഡ് തുകയ്ക്ക് പിന്നീട് കരാറാവുകയായിരുന്നു. 260 കളിയിൽ 212 ഗോൾ ക്ലബ്ബിനായി നേടി.















