ബുഡാപെസ്റ്റ്
അത്ലറ്റിക്സ് ലോകം ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക്. നാലുനാൾ കഴിഞ്ഞാൽ ബുഡാപെസ്റ്റിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് കൊടി ഉയരും. അടുത്തവർഷത്തെ പാരിസ് ഒളിമ്പിക്സിനുള്ള ഒരുക്കംകൂടിയാണ്. 19 മുതൽ 27 വരെയാണ് മീറ്റ്. അമേരിക്കയിലെ ഒറിഗോണിലായിരുന്നു കഴിഞ്ഞ പതിപ്പ്. ഇക്കുറി 202 രാജ്യങ്ങളിലെ രണ്ടായിരത്തോളം അത്ലീറ്റുകൾ അണിനിരക്കും. 51 ഇനങ്ങളിലാണ് മത്സരം. അമേരിക്കയും ജമൈക്കയും എത്യോപ്യയുമായിരുന്നു ഒറിഗോണിലെ മെഡൽ നേട്ടക്കാർ. ഇക്കുറിയും അമേരിക്കയ്ക്ക് മികച്ച നിരയുണ്ട്. വനിതാ കരുത്തിലാണ് ജമൈക്ക. ദീർഘദൂരത്തിൽ എത്യോപ്യയും ലക്ഷ്യമിടുന്നു.
പുരുഷ നൂറിൽ നിലവിലെ ചാമ്പ്യൻ അമേരിക്കയുടെ ഫ്രെഡ് കെർലിയാണ് സാധ്യതയിൽ മുന്നിൽ. യുസൈൻ ബോൾട്ടിനുശേഷം കിരീടം നിലനിർത്തുന്ന ആദ്യ സ്പ്രിന്ററാകാനുള്ള ഒരുക്കത്തിലാണ് കെർലി. 200ലെ ലോക ചാമ്പ്യൻ അമേരിക്കയുടെതന്നെ നോഹ ലയ്ൽസ്, കെനിയയുടെ ഫെർഡിനാൻഡ് ഒമാന്യാല, ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിനെ എന്നിവരും രംഗത്തുണ്ട്. വനിതകളിൽ ജമൈക്കയുടെ ഷെല്ലി ആൻഫ്രേസർ പ്രൈസി 100ൽ ആറാംകിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. നാട്ടുകാരി ഷെറീക്ക ജാക്സണും അമേരിക്കയുടെ ഷക്കാറി റിച്ചാർഡ്സണുമാണ് വെല്ലുവിളി.
പുരുഷ 400ൽ ഒളിമ്പിക് ചാമ്പ്യൻ ദക്ഷിണാഫ്രിക്കയുടെ വയ്ദെ വാൻ നീകെർക്ക് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. കാൽമുട്ടിലെ പരിക്ക് നീകെർക്കിനെ ക്ഷീണിപ്പിച്ചിരുന്നു. 2017ലാണ് ദക്ഷിണാഫ്രിക്കക്കാരന്റെ അവസാന ലോക കിരീടം. ഹർഡിൽസിൽ ക്രിസ്റ്റ്യൻ വാർഹോമും തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ഈ വർഷം തോൽവിയറിഞ്ഞിട്ടില്ല നോർവെക്കാരൻ. പരിക്കുകാരണം 2022ലെ ചാമ്പ്യൻഷിപ് നഷ്ടമായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ 45.94 സെക്കൻഡിൽ റെക്കോഡുമിട്ടു.
ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സൂപ്പർതാരം നീരജ് ചോപ്ര ആദ്യ ലോക കിരീടമാണ് കൊതിക്കുന്നത്. ഒളിമ്പിക് ചാമ്പ്യനായ നീരജിന് കഴിഞ്ഞ ലോക മീറ്റിൽ വെള്ളിയായിരുന്നു ലഭിച്ചത്. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാദ്ലെഷ്, ജർമനിയുടെ ജൂലിയൻ വെബെർ എന്നിവരും രംഗത്തുണ്ട്.















