ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള മുഖാമുഖത്തിന് തൊട്ടുമുമ്പായി ഇന്ത്യാ–- ചൈന സൈനികതല ചർച്ച തിങ്കളാഴ്ച. അടുത്തയാഴ്ച ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിലാണ് മോദിയും ഷീ ജിൻപിങ്ങും തമ്മിൽ കാണുക. അതിർത്തി തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയും ചൈനയും തുടർച്ചയായി സൈനികതല ചർച്ച നടത്തുന്നുണ്ട്. 19–-ാംവട്ട ചർച്ചയാണ് തിങ്കളാഴ്ച.
14 കോർ കമാണ്ടർ ലെഫ്. ജനറൽ റാഷിം ബാലിയാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ഷാങ്ഹായ് കൂട്ടായ്മയുടെ പ്രതിരോധമന്ത്രിതല ചർച്ചകൾക്ക് മുമ്പായി ഏപ്രിൽ 23 നാണ് 18–-ാംവട്ട ചർച്ച നടന്നത്. വിശ്വാസവർധക നടപടികൾ, അതിർത്തി നടപടിക്രമങ്ങൾ കൃത്യമായി പാലിക്കൽ, പട്രോളിങ് വിവരങ്ങൾ പരസ്പരം കൈമാറൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെടും. ബ്രിക്സിലെ കൂടിക്കാഴ്ചയ്ക്ക് പുറമെ സെപ്തംബറിൽ ജി20 ഉച്ചകോടിക്കായി ഷീ ജിൻപിങ് ഇന്ത്യയിൽ എത്തുന്നുമുണ്ട്.















