തിരുവല്ല> തിരുവല്ല പുളിക്കിഴ് ജങ്ഷന് സമീപത്തെ ചതുപ്പിൽ നിന്നും ലഭിച്ച കുഞ്ഞിന്റെ മൃതദേഹം പെൺകുട്ടിയുടേതെന്ന് തിരിച്ചറിഞ്ഞു. ഞായർ രാത്രി 12 മണിയോടെ ഫോറൻസിക് സംഘം എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് ചതുപ്പ് നിലത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തോളം പഴക്കം വരുമെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഞായർ പുലർച്ചെ മൂന്നോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫോറൻസിക് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണകാരണം അടക്കം വ്യക്തമാകു എന്ന് ഡിവൈഎസ്പി പറഞ്ഞു.
മൃതദേഹത്തിന്റെ അരയിൽ കറുത്ത ചരട് ഉണ്ട്. സ്നഗിയും ബനിയനും ധരിച്ച നിലയിലായിരുന്നു മൃതദേഹം. കമിഴ്ന്നു കിടന്നിരുന്ന നിലയിൽ ഉള്ള മൃതദേഹത്തിന്റെ മുഖമടക്കം അഴുകിയിരുന്നു. ഇരു കാൽപാദങ്ങളും ഏതോ ജീവി കടിച്ചെടുത്ത നിലയിലാണ്. ചതുപ്പിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തു. ഞായർ രാവിലെ എട്ടിന് തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് വീണ്ടും എത്തി വിശദ പരിശോധനകൾ നടത്തി.