മംഗലപുരം> കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം റീനു ഹൗസിൽ റീച്ചാർഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റിച്ചാർഡിന്റെ സഹോദരീ മകൻ ശാന്തിപുരം അർത്തിയിൽ പുരയിടത്തിൽ സനിലിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഞായർ വൈകിട്ട് നാലോടെയാണ് സംഭവം.
റീച്ചാർഡിന്റെ വീട്ടിലെത്തിയ സനിൽ റിച്ചാർഡുമായി വാക്കേറ്റമുണ്ടാകുകയും തുടർന്ന് കൈയാങ്കളിയിലേക്കെത്തുകയും ചെയ്തു. ഇതിനിടെ സനിൽ തൊട്ടടുത്ത വീട്ടിൽ കയറി അവിടെനിന്ന് കത്തിയെടുത്ത് റീച്ചാർഡിനെ കുത്തുകയായിരുന്നു. കുത്തേറ്റു വീണ റീച്ചാർഡിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടിപിടിയിൽ പരിക്കേറ്റ സനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തമ്മിൽ നേരത്തേ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലം ഹാർബറിലെ മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട റീച്ചാർഡ്. മരിയനാട് ദേവാലയത്തിലെ തിരുന്നാളുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് റീച്ചാർഡ് വീട്ടിലെത്തിയത്. സംഭവസ്ഥലം റൂറൽ എസ്പി, ആറ്റിങ്ങൽ ഡിവൈഎസ്പി എന്നിവർ സന്ദർശിച്ചു. ഭാര്യ: നിർമല. മക്കൾ: ഡിക്സൻ, റെജീസ്, മേരി, റീനു.