കോട്ടയം> സംസ്ഥാന സർക്കാരിന്റെ എല്ലാ വികസന പദ്ധതികളെയും അജൻഡവച്ച് ചർച്ചചെയ്ത് തീരുമാനിച്ച് എതിർക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷ സമീപനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇങ്ങനെയൊരു പ്രതിപക്ഷത്തെ ലോകത്തെങ്ങും കാണാനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അവർക്ക് എല്ലാത്തിനോടും നിഷേധമാണ്. ദേശീയപാത വികസനം, കെ റെയിൽ, കെ ഫോൺ, ഗെയിൽ പൈപ്പ് ലൈൻ, കൂടംകുളം വൈദ്യുത ലൈൻ എന്നിവയിലെല്ലാം ഇത്തരത്തിലാണ് യുഡിഎഫ് സമരം വന്നത്. എന്നാൽ, നിശ്ചയിച്ച വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും. ലോകത്തിന് മാതൃകയാണ് എൽഡിഎഫ് സർക്കാർ. സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ട്. ഇതാണ് പ്രതിപക്ഷത്തെയും ഒരു വിഭാഗം മാധ്യമങ്ങളെയും കുപ്രചാരണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ വികസനത്തിന് വോട്ടുണ്ടെന്ന് ഇക്കൂട്ടർക്ക് വ്യക്തമായി. അതോടെ എതിർപ്പിന്റെ കാഠിന്യവും കൂടി. എന്തെല്ലാം അപവാദങ്ങൾ നടത്തിയാലും ഇനിയും വികസനത്തിന് വോട്ട് കിട്ടും.
പുതുപ്പള്ളിയിലും ചർച്ച വികസനം
പുതുപ്പള്ളിയിലും നാടിന്റെ വികസന പദ്ധതികളും രാഷ്ട്രീയവും മുൻനിർത്തിയായിരിക്കും പ്രചാരണങ്ങളെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തി കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണെങ്കിലും ജനോപകാരപ്രദമായ പദ്ധതികളിൽനിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകില്ല. പുതിയ വ്യവസായ സംരംഭങ്ങൾ മുതൽ കുടുംബശ്രീ പദ്ധതികളിൽവരെ വലിയതോതിൽ തൊഴിൽ അവസരങ്ങൾ വന്നു. പ്രകടന പത്രികയിൽ പറഞ്ഞതിലും കൂടുതൽ തൊഴിൽ നൽകും. പൊതുവിതരണ ശൃഖല ശക്തിപ്പെടുത്തി വിലക്കയറ്റം തടയാൻ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി എൻ വാസവൻ, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ, മുതിർന്ന നേതാവ് കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.















