തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മുഖേനയുള്ള ചികിത്സാ ധനസഹായ വിതരണം സുതാര്യവും സുഗമവുമാക്കിയത് പിണറായി വിജയൻ സർക്കാരെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. പരമാവധി പേർക്ക് സഹായം എത്തിക്കാൻ നടപടിയെടുത്തു, തുക വർധിപ്പിച്ചു.
ഉമ്മൻ ചാണ്ടി (2011-–- 2016) ശരാശരി പ്രതിവർഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ രണ്ടു വർഷം (2021, 2022) ശരാശരി 338 കോടി രൂപവീതം നൽകി. 2021- ആദ്യ രണ്ടുമാസം ഒഴിവാക്കിയിട്ടും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടിത്തുക. തുക വാങ്ങാൻ അപേക്ഷകർ ആരുടെയും ശുപാർശയ്ക്ക് കാത്തുനിൽക്കേണ്ടാത്തവിധം സുതാര്യമാക്കിയതും എൽഡിഎഫ് സർക്കാരാണ്.
ജനസമ്പർക്ക പരിപാടിയെന്ന പേരിൽ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്നതും അവസാനിപ്പിച്ചു. അപേക്ഷ സ്വീകരിക്കുന്നതും മറ്റു നടപടികളും പണം അക്കൗണ്ടിലെത്തിക്കുന്നതും ഓൺലൈൻ വഴിയാക്കി. നടപടികൾ പ്രയാസരഹിതമാക്കി അപേക്ഷകരുടെ ആത്മാഭിമാനത്തെ മാനിക്കുന്ന സമഗ്ര സംവിധാനമാക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.















