കൊച്ചി> ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കാനും സ്കൂളിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ ദ്വീപുനിവാസികൾ കടുത്ത പ്രതിഷേധത്തിൽ. ഇന്റർനെറ്റ് സൗകര്യം വ്യാപകമല്ലാത്ത ദ്വീപിൽ എക്സൈസ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള അഭിപ്രായം 30 ദിവസത്തിനകം ഓൺലൈനായി അറിയിക്കണമെന്ന സർക്കാർ വിജ്ഞാപനംപോലും അവഹേളനമാണെന്ന് ദ്വീപുനിവാസികൾ പറയുന്നു. ഏതാനും ദ്വീപുകളിൽ ഓൺലൈൻ പരാതി അയക്കാനുള്ള പ്രചാരണം തുടങ്ങി. പലയിടത്തും പ്രതിഷേധപ്രകടനവും നടന്നു.
രണ്ടു തീരുമാനവും ദ്വീപിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകുമെന്ന് ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസൽ പറഞ്ഞു. ലക്ഷദ്വീപിൽ മദ്യം ഒഴുക്കാൻ അനുവദിക്കില്ലെന്നും നിയമപരമായും രാഷ്ട്രീയമായും ഏതറ്റംവരെയും പോകുമെന്നും സിപിഐ എം ലക്ഷദ്വീപ് കമ്മിറ്റി സെക്രട്ടറി എം കെ ലുക്മാൻ പറഞ്ഞു. യൂണിഫോം മാറ്റം നടപ്പാക്കിയാലും ഹിജാബുകൂടി ധരിച്ചാകും പെൺകുട്ടികൾ സ്കൂളിലെത്തുക. അത് അനുവദിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.















