തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഒരു കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽവന്ന വാർത്തയ്ക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുകൊണ്ടുള്ള ഈ കള്ളപ്രചാരണം നിന്ദ്യമായ മാധ്യമരീതിയാണ്. നിയമപരമായി പ്രവർത്തിക്കുന്ന രണ്ടു കമ്പനി തമ്മിലുള്ള നിയമപരമായ കരാറും അതിലെ വ്യവസ്ഥകൾ പ്രകാരം വാർഷിക അടിസ്ഥാനത്തിലുള്ള പണംകൈമാറ്റവുമാണ് നടന്നത്. സുതാര്യമായ കരാറിന്റെ അടിസ്ഥാനത്തിൽ ബാങ്ക് മുഖേന നടന്ന പണമിടപാടുകളെയാണ് മാസപ്പടിയാക്കി ചിത്രീകരിച്ചത്. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ച് മരിക്കുമെന്ന് പ്രഖ്യാപിച്ച മലയാള മനോരമയിൽനിന്ന് നിന്ദ്യമായ ഈ നടപടി വന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
സിഎംആർഎൽ കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ് ആദായ നികുതി തർക്കപരിഹാര ബോർഡിന് മുന്നിലെത്തിയത്. ഇതിൽ വീണയുടെ കമ്പനി കക്ഷിയല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല. രാഷ്ട്രീയലക്ഷ്യത്തോടെ അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്. രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാർക്കുമെന്നപോലെ അവകാശമുണ്ട്. വീണ തുടങ്ങിയ കൺസൾട്ടിങ് കമ്പനിയുടെ പ്രവർത്തനങ്ങളെല്ലാം സുതാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പണം നൽകിയ കമ്പനിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാണ്.
പ്രതിയോഗികളെ വേട്ടയാടാൻ കുടുംബത്തിനുനേരെ
കേന്ദ്ര സർക്കാരും വിവിധ കേന്ദ്ര ഏജൻസികളും രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിന് കുടുംബാംഗങ്ങൾക്കുനേരെ തിരിയുന്ന രീതി കുറച്ചുകാലമായി ഉയർന്നുവന്നിട്ടുണ്ട്. തെലങ്കാനയിലും ബിഹാറിലുമെല്ലാം ഇത്തരം ഇടപെടലുകൾ നടന്നുവരുന്നുമുണ്ട്. ഈ സെറ്റിൽമെന്റ് ഓർഡറിൽ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിനു പിന്നിലുള്ള ഗൂഢാലോചന വ്യക്തമാണ്. വീണയുടെ അഭിപ്രായം ആരായാതെയാണ് പരാമർശം നടത്തിയെന്നതും ഇതിലേക്കുതന്നെയാണ് വിരൽ ചൂണ്ടുന്നത്. സെറ്റിൽമെന്റിനായി വിളിച്ച കമ്പനിയെ പൂർണമായി കോടതി നടപടികളിൽനിന്നും പിഴയിൽനിന്നും ഒഴിവാക്കിയ സെറ്റിൽമെന്റ് ഓർഡറിലാണ് പരാമർശമെന്നത് വിസ്മയിപ്പിക്കുന്നതാണ്.
കേന്ദ്ര ഏജൻസികൾ നൽകുന്നതും അല്ലാത്തതുമായ വാർത്തകൾ പൊടിപ്പും തൊങ്ങലുംവച്ച് കൊട്ടിഘോഷിക്കുന്ന വലതുപക്ഷ മാധ്യമങ്ങൾ കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ തയ്യാറുമല്ല.
കമല ഇന്റർനാഷണൽ, കൊട്ടാരംപോലുള്ള വീട്, ടെക്കനിക്കാലിയ, നൂറു വട്ടം സിംഗപ്പുർ യാത്ര, കൈതോലപ്പായ ഇങ്ങനെയുള്ള നട്ടാൽപ്പൊടിക്കാത്ത നുണകളെല്ലാം പൊലിഞ്ഞുപോയ മണ്ണാണ് കേരളം. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് നടത്തിയ പ്രചാരണങ്ങളും കാറ്റുപിടിച്ചില്ല. അതിന്റെ തുടർച്ചയായിത്തന്നെ ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകൊട്ടയിൽത്തന്നെ സ്ഥാനം പിടിക്കുമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.