തിരുവനന്തപുരം
നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിന് ഡെപ്യൂട്ടി കലക്ടർ പദവിയിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥരെ റവന്യൂ ഡിവിഷണൽ ഓഫീസർമാരായി നിയോഗിക്കുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ഇതിനായി നിയമം ഭേദഗതി ചെയ്യും. അപേക്ഷകളുടെ എണ്ണവും തീർപ്പാക്കലും നിരീക്ഷിക്കുന്നതിന് കലക്ടറേറ്റുകളിൽ പ്രത്യേക തരംമാറ്റ സെൽ രൂപീകരിക്കും. ഫയലുകളിൽ സമയബന്ധിത നടപടി ഉറപ്പാക്കാൻ തരംമാറ്റ ജില്ലാതല സ്പെഷ്യൽ വിങ് മുഖേന സാധ്യമാകുമെന്നും തോട്ടത്തിൽ രവീന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപേക്ഷകൾ തീർപ്പാക്കൽ മുൻഗണനാ ക്രമത്തിലാക്കാൻ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇ–- ഓഫീസുകളിലും അപേക്ഷാ വിവരങ്ങൾ രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കും. ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിച്ചവരുടെ അപേക്ഷകൾക്ക് മുൻഗണനയുണ്ടാകും. ഗുരുതര രോഗങ്ങൾക്ക് ചികിത്സാർഥം ഭൂമി വിൽക്കുക, വായ്പ ആവശ്യങ്ങൾ, അനുകമ്പാർഹമായ മറ്റു സാഹചര്യങ്ങൾ തുടങ്ങിയവയിലും തീർപ്പാക്കൽ അപേക്ഷയ്ക്ക് മുൻഗണന നൽകാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
അപേക്ഷകൾ
കെട്ടിക്കിടക്കുന്ന
സാഹചര്യമില്ല
വസ്തു തരംമാറ്റ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ആറുമാസത്തിനുള്ളിൽ ഒഴിവാകുമെന്ന് റവന്യുമന്ത്രി കെ രാജൻ. ഇപ്പോൾ 27 ആർഡിഒമാർ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനു പകരം സർക്കാർ നിർദേശിക്കുന്ന ഡെപ്യൂട്ടി കലക്ടർമാർക്കുകൂടി ഇതിനുള്ള അധികാരം നൽകും. ഇതോടെ അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഒഴിവാകും.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനു കീഴിലെ അധികാരങ്ങൾ വിനിയോഗിക്കുന്നതിന് ഡെപ്യൂട്ടി കലക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് റവന്യു ഡിവിഷണൽ ഓഫീസറുടെ അധികാരം നൽകാനുള്ള 2023-ലെ കേരള നെൽവയൽ -തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.2,98,469 ഓൺലൈൻ അപേക്ഷയാണ് 2022 ഫെബ്രുവരിമുതൽ കിട്ടിയിട്ടുള്ളത്. ഇതിൽ 75,914 അപേക്ഷയാണ് തീർപ്പാക്കിയത്. പുതിയ സംവിധാനം നടപ്പാകുന്നതോടെ ഈ തടസ്സം ഒഴിവാകും. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.