ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സ്വർണ കിരീടം വഴിപാട് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുർഗ. 32 പവൻ തൂക്കംവരുന്ന സ്വർണ കിരീടവും ചന്ദനം അരയ്ക്കുന്ന യന്ത്രവുമാണ് ദുർഗ സ്റ്റാലിൻ വ്യാഴം പകൽ ക്ഷേത്രത്തിൽ സമർപ്പിച്ചത് .14 ലക്ഷത്തിലേറെ രൂപ വിലവരുന്നതാണ് സ്വർണ കിരീടം. സഹോദരി ജയന്തിക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമെത്തിയാണ് സമർപ്പിച്ചത്.
ദുർഗ സ്റ്റാലിനും കൂടെയുണ്ടായിരുന്നവർക്കും കളഭം, തിരുമുടി മാല, പഴം, പഞ്ചസാര, നെയ്യ്, പായസം എന്നിവ അടങ്ങുന്ന പ്രസാദം ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ സമ്മാനിച്ചു. പകൽ പതിനൊന്നേ കാലോടെ എത്തിയ ദുർഗ സ്റ്റാലിനെയും ബന്ധുക്കളെയും ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ , ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ് കുമാർ എന്നിവർ സ്വീകരിച്ചു. ഉച്ചപൂജയ്ക്ക് മുമ്പായി ക്ഷേത്രത്തിലെത്തിയ അവർ നാക്കിലയിൽ സ്വർണ കിരീടം സമർപ്പിച്ചു. ഉച്ചപൂജയ്ക്കായി നടയടച്ചപ്പോൾ കളഭക്കൂട്ട് തയ്യാറാക്കുന്ന സ്ഥലത്തെത്തി ചന്ദനം അരക്കാനുള്ള ഉപകരണവും സമർപ്പിച്ചു.