ബത്തേരി
റോഡ് പ്രവൃത്തിയുടെ നിർവഹണ ചുമതലയുണ്ടായിരുന്ന കമ്പനിയിൽനിന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പണം കൈപ്പറ്റിയതായി ആരോപണം. ബത്തേരി നിയോജക മണ്ഡലത്തിലെ ബത്തേരി–-താളൂർ–-ചേരമ്പാടി റോഡ് പ്രവൃത്തിയുടെ നിർവഹണ ചുമതലയുണ്ടായിരുന്ന കമ്പനിയിൽനിന്ന് പണം വാങ്ങിയെന്നാണ് ആക്ഷേപം. ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ആവശ്യപ്പെട്ടു.
കിഫ്ബി ഫണ്ടിൽ രണ്ടുവർഷംമുമ്പ് തുടങ്ങിയ റോഡ് നവീകരണം യഥാസമയം പൂർത്തിയാക്കാത്ത കരാറുകാരനെ അടുത്തിടെ സർക്കാർ നീക്കിയിരുന്നു. റീ ടെൻഡറിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ആരോപണമുയർന്നത്. പ്രവൃത്തി കരാർ എടുത്ത കമ്പനിക്ക് പദ്ധതിയുടെ നിർവഹണ ചുമതലയുണ്ടായിരുന്ന കമ്പനി നൽകിയ തുകവിനിയോഗ പട്ടികയിൽ എംഎൽഎയുടെ പേരും ഉണ്ടെന്നാണ് ആക്ഷേപം.
റോഡ് പ്രവൃത്തി യഥാസമയം പൂർത്തിയാക്കുന്നതിൽ എംഎൽഎ ഇടപെട്ടില്ലെന്ന ആരോപണം നേരത്തെയുണ്ട്. സിപിഐ എം നേതൃത്വത്തിൽ എംഎൽഎ ഓഫീസ് മാർച്ച് ഉൾപ്പെടെ നടത്തി. റോഡ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ അനിശ്ചിതകാല സമരം നടക്കുകയാണ്.
തനിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു. വ്യാജപ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കും കത്ത് നൽകിയിട്ടുണ്ട്. മോശക്കാരനായി ചിത്രീകരിക്കുന്നതിനാണ് തനിക്കെതിരെയുള്ള കൈക്കൂലി ആരോപണമെന്നും കുറ്റപ്പെടുത്തി.