കൊച്ചി
ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊന്ന കേസിലെ പ്രതി അസ്ഫാക് ആലം റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇയാളെ വ്യാഴാഴ്ച എറണാകുളം ജില്ലാ പോക്സോ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി റിമാൻഡ് ചെയ്തു.
അസ്ഫാക്കിന്റെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണം ഡൽഹിയിലും ബിഹാറിലും പുരോഗമിക്കുന്നു. ബിഹാറിൽ അസ്ഫാക്കിന്റെ മാതാപിതാക്കൾ, ബന്ധുക്കൾ, ഗ്രാമത്തലവൻ എന്നിവരെ ചോദ്യംചെയ്തിരുന്നു. ഇയാൾ സ്ഥിരം പ്രശ്നക്കാരനും ലഹരിക്കടിമയുമാണെന്ന് വിവരം ലഭിച്ചു. പഴുതില്ലാതെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുംവിധം കുറ്റപത്രം തയ്യാറാക്കുകയാണ് പൊലീസ്. വെള്ളിയാഴ്ച റിമാൻഡ് കാലാവധി നീട്ടാൻ പൊലീസ് അപേക്ഷ നൽകും.
അസ്ഫാക് പിടികിട്ടാപ്പുള്ളി;
ഗാസിപുരിൽ
കുട്ടി രക്ഷപ്പെട്ടത്
തലനാരിഴയ്ക്ക്
ആലുവയിലേതിന് സമാനമായ സംഭവമാണ് ഗാസിപുരിലും നടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. അവിടെ കുട്ടി തലനാരിഴയ്ക്ക് അസ്ഫാക്കിൽനിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ വീടിനടുത്ത് ഇയാൾ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കെ അസ്ഫാക് കയറിപ്പിടിക്കുകയും മുറിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി കടിച്ചതോടെ അസ്ഫാക്കിന്റെ പിടിവിട്ടു.
2014 മുതൽ 2018 വരെ ഡൽഹിയിലുണ്ടായിരുന്നു. മീൻമാർക്കറ്റിൽ ഉൾപ്പെടെ ജോലി ചെയ്തു. പ്രശ്നക്കാരനായതിനാൽ ഒരിടത്തും സ്ഥിരമായി ജോലിക്ക് നിർത്തിയിരുന്നില്ല. താമസസ്ഥലം അടിക്കടി മാറി. ഇതിനിടയിലാണ് കുട്ടിയുടെ വീടിനടുത്ത് താമസിക്കാനെത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചതും. ഈ കേസിൽ സഹോദരനാണ് ജാമ്യമെടുക്കാൻ സഹായിച്ചത്. ജാമ്യത്തിലിറങ്ങി മുങ്ങിയതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.