ക്വിറ്റോ
ഇക്വഡോറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസിഡന്റ് സ്ഥാനാർഥിയെ വെടിവച്ച് കൊന്നു. എംപികൂടിയായ ഫെർണാണ്ടോ വിജാവിസെൻസിയോ (59)യാണ് കൊല്ലപ്പെട്ടത്. ബിൽഡ് ഇക്വഡോർ മൂവ്മെന്റിന്റെ സ്ഥാനാർഥിയായിരുന്നു. മൂന്നുദിവസം ദേശീയ ദുഃഖാചരണവും അറുപത് ദിവസം അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
ബുധനാഴ്ച ക്വിറ്റോയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിച്ചശേഷം കാറിൽ കയറവെ ആൾക്കൂട്ടത്തിൽനിന്ന് മുന്നോട്ടുവന്ന അക്രമിയാണ് വെടിവച്ചത്. തലയ്ക്ക് മൂന്ന് വെടിയേറ്റു. പൊലീസ് തിരിച്ച് വെടിവച്ചു. പരിക്കേറ്റ അക്രമി മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഇരുപതിന് നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എട്ടുപേരിൽ ഒരാളാണ് ഫെർണാണ്ടോ. മയക്കുമരുന്ന്, ക്രിമിനൽ സംഘങ്ങൾക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് എടുത്തിരുന്നു. ഭാര്യം അഞ്ച് മക്കളുമുണ്ട്.
അക്രമത്തിന്റെ ഉത്തരവാദിത്വം രാജ്യത്തെ രണ്ടാമത്തെ വലിയ ക്രിമിനൽ സംഘമായ ലൊസ് ലോബോസ് ഏറ്റെടുത്തു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.പ്രസിഡന്റ് ഗിയെർമോ ലാസോ പ്രത്യേക ഉത്തരവിലൂടെ മേയിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെയാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.