ചെന്നൈ
ഏഷ്യൻ ഹോക്കി മേധാവിത്വത്തിനായുള്ള പോരിൽ ഇന്ത്യ ഫൈനലിന് അരികെ. ചാമ്പ്യൻസ് ഹോക്കി സെമിയിൽ നിലവിലെ റണ്ണറപ്പായ ജപ്പാനെ നേരിടും. ഗ്രൂപ്പുഘട്ടത്തിൽ ഇരീടുമുകളും മുഖാമുഖം കണ്ടപ്പോൾ സമനിലയായിരുന്നു ഫലം. കളി രാത്രി 8.30ന്. മറ്റൊരു സെമിയിൽ വൈകിട്ട് ആറിന് ചാമ്പ്യൻമാരായ ദക്ഷിണകൊറിയ മലേഷ്യയെ നേരിടും.
ചെന്നൈയിലെ സ്വന്തം കാണികൾക്കുമുന്നിൽ തേൽവിയറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അഞ്ച് കളിയിൽ നാലും ജയിച്ച് 13 പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായി. ചൈനയെ 7–-2ന് തോൽപ്പിച്ച് തുടങ്ങിയ ഇന്ത്യയെ പിടിച്ചുകെട്ടാൻ ജപ്പാനുമാത്രമേ സാധിച്ചുള്ളു (1–-1). മലേഷ്യയെ അഞ്ച് ഗോളിനും ദക്ഷിണകൊറിയയെ 3–-2നും പരാജയപ്പെടുത്തി. പാകിസ്ഥാനെ നാല് ഗോളിന് തരിപ്പണമാക്കിയാണ് മുന്നേറിയത്.
അഞ്ചാംഫൈനലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2018, 2016, 2011 വർഷങ്ങളിൽ ജേതാക്കളായി. 2012ൽ റണ്ണറപ്പ്. ഏഴ് ഗോളടിച്ച് രാജകീയമായി നയിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ടീമിന്റെ ആണിക്കല്ല്. ഹർമന്റെ എല്ലാ ഗോളും പെനൽറ്റി കോർണറിൽനിന്നാണ്. ആക്രമണത്തിനൊപ്പം പ്രതിരോധവും കാത്താണ് ദക്ഷിണാഫ്രിക്കക്കാരനായ കോച്ച് ക്രെയ്ഗ് ഫുൾട്ടൻ ടീമിനെ ഒരുക്കിയത്.
ഗ്രൂപ്പിൽ നാലാമതായാണ് ജപ്പാൻ സെമിയിലെത്തിയത്. തോൽപ്പിച്ചത് ചൈനയെ മാത്രം. ഇന്ത്യയെയും പാകിസ്ഥാനെയും സമനിലയിൽ കുടുക്കി.
കഴിഞ്ഞതവണയും (2021) 2013ലും റണ്ണറപ്പായതാണ് വലിയ നേട്ടം. ലോക റാങ്കിങ്ങിൽ ഇന്ത്യ നാലാംസ്ഥാനത്താണെങ്കിൽ ജപ്പാൻ പത്തൊമ്പതാമതാണ്.
കഴിഞ്ഞതവണ സെമയിൽ ഇന്ത്യ ജപ്പാനോടാണ് തോറ്റത് (3–-5). ഗ്രൂപ്പുഘട്ടത്തിൽ ആറ് ഗോളിന് ജയിച്ചശേഷമാണ് നിർണായക കളിയിൽ ഇന്ത്യയുടെ തോൽവി.