ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യത്തിന് ഈ സീസണിൽ വെല്ലുവിളിയുണ്ടാകുമോ. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ മൂന്ന് കിരീടങ്ങളാണ് സിറ്റി സ്വന്തമാക്കിയത്. ഇക്കുറി അതിന് തുടർച്ചയുണ്ടാക്കാനാണ് പെപ് ഗ്വാർഡിയോളയും സംഘവും ഇറങ്ങുന്നത്. ആദ്യകളിയിൽ ബേൺലിയാണ് എതിരാളി. ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി.
കഴിഞ്ഞ ആറ് സീസണിനിടെ അഞ്ചുതവണയാണ് സിറ്റി ചാമ്പ്യൻമാരായത്. ഗ്വാർഡിയോളയ്ക്ക് ഇത് എട്ടാം സീസണാണ്. സിറ്റിയിൽ എല്ലാം നേടിക്കഴിഞ്ഞു ഈ പരിശീലകൻ. മൈക്കേൽ അർടേറ്റയുടെ അഴ്സണൽ, എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുർഗൻ ക്ലോപ്പിന്റെ ലിവർപൂൾ, മൗറീസിയോ പൊച്ചെട്ടീനോയുടെ ചെൽസി എന്നീ ക്ലബ്ബുകളായിരിക്കും സിറ്റിക്ക് വെല്ലുവിളി ഉയർത്തുക. ലുട്ടൺ എഫ്സി, ബേൺലി, ഷെഫീൽഡ് യുണൈറ്റഡ് എന്നീ ക്ലബ്ബുകളാണ് സീസണിലെ നവാഗതർ. ഇതിൽ ബേൺലി മുൻ സിറ്റി താരം വിൻസെന്റ കൊമ്പനി പരിശീലിപ്പിക്കുന്ന ടീമാണ്.
എർലിങ് ഹാലണ്ടായിരിക്കും ഈ സീസണിലും സിറ്റിയുടെ ഗോൾവേട്ടക്കാരൻ. കന്നി സീസണിൽത്തന്നെ നോർവെക്കാരൻ ഗോളടിയിൽ ഒരുപിടി റെക്കോഡുകളിട്ടു. സിറ്റിക്കായി കഴിഞ്ഞ സീസണിൽ 35 കളിയിൽ 36 ഗോൾ നേടി. എട്ടെണ്ണത്തിന് അവസരവുമൊരുക്കി. പ്രതിരോധത്തിൽ യോസ്കോ ഗ്വാർഡിയോളാണ് സീസണിൽ ടീം പുതുതായി എത്തിച്ച പ്രധാനതാരം. മധ്യനിരയിൽ മറ്റിയോ കൊവാസിച്ചിനെ കൊണ്ടുവന്നു. സിറ്റിയുമായി ഇഞ്ചിനിഞ്ച് പോരാട്ടം നടത്തിയാണ് അഴ്സണൽ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. ഗ്വാർഡിയോളയുടെ സംഘത്തെ ഷൂട്ടൗട്ടിൽ കീഴടക്കി കമ്യൂണിറ്റി ഷീൽഡുമായി പുതിയ സീസണിന് മികച്ച ഒരുക്കം നടത്താനും അഴ്സണലിന് കഴിഞ്ഞു. ഇക്കുറി താരലേല വിപണിയിൽ കൂടുതൽ പണമിറക്കിയതും അഴ്സണലാണ്. ബുക്കായോ സാക്കയാണ് ടീമിന്റെ കുന്തമുന. കയ് ഹവേർട്സ്, ഡെക്ലൻ റൈസ്, ലിയാൻഡ്രോ ട്രൊസാർഡ് എന്നിവരെയാണ് ഈ സീസണിൽ കൊണ്ടുവന്നത്. നാളെ നോട്ടിങ്ഹാം ഫോറസ്റ്റുമായാണ് ആദ്യകളി.
കഴിഞ്ഞ സീസണിൽ മൂന്നാംസ്ഥാനംവരെ മുന്നേറിയ യുണൈറ്റഡ് കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ടെൻ ഹാഗിന് കീഴിൽ ടീം ഏറെ മെച്ചപ്പെട്ടു. ബ്രൂണോ ഫെർണാണ്ടസും മാർകസ് റാഷ്ഫഡും മുന്നോട്ടുള്ള പോക്കിൽ നിർണായകമാകും. റാസ്മസ് ഹൊയ്ലുണ്ട്, മാസൺ മൗണ്ട്, ഗോൾ കീപ്പർ ആന്ദ്രേ ഒനാന എന്നിവരാണ് പുതുതായി എത്തിയവർ. ഞായറാഴ്ച വൂൾവ്സുമായാണ് യുണൈറ്റഡിന്റെ ആദ്യകളി.
കഴിഞ്ഞ എട്ട് സീസണിൽ ആദ്യമായാണ് ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമാകുന്നത്. ഈ സീസണിലും പ്രതിസന്ധിയുണ്ട്. ഒരുപിടി താരങ്ങൾ ക്ലബ് വിട്ടു. താരലേലത്തിൽ വലിയരീതിയിൽ സജീവമാകാനും കഴിഞ്ഞില്ല. എങ്കിലും മുഹമ്മദ് സലായുടെ മികവിൽ കുതിക്കാമെന്നാണ് ക്ലോപ്പിന്റെ കണക്കുകൂട്ടൽ. അലെക്സിസ് മക് അല്ലിസ്റ്റും ഡൊമിനിക് സൊബൊസ്ലായിയുമാണ് പുതിയ താരങ്ങൾ. ഞായറാഴ്ച ചെൽസിയുമായാണ് ആദ്യകളി.
അപ്രതീക്ഷിത തിരിച്ചടിയിൽനിന്നുള്ള കരകയറ്റമാണ് ചെൽസി ലക്ഷ്യമിടുന്നത്. 12–-ാംസ്ഥാനത്തായിരുന്നു. പരിശീലകനായി പൊച്ചെട്ടീനോ എത്തിയത് ഗുണകരമാകും. അതിനിടെ പ്രധാന സ്ട്രൈക്കർ ക്രിസ്റ്റഫൻ എൻകുങ്കുവിന്റെ പരിക്ക് ചെൽസിക്ക് ക്ഷീണമാകും. അവസാന സീസണിലെ നാലാംസ്ഥാനക്കാരായ ന്യൂകാസിൽ യുണൈറ്റഡ് അത്ഭുതങ്ങൾ തുടരാനുള്ള ഒരുക്കത്തിലാണ്. ഹാരി കെയ്ൻ പോകുന്നത് ടോട്ടനം ഹോട്സ്പറിന് തിരിച്ചടിയാകും.