ന്യൂഡൽഹി > ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ ആണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണർമാരെയും നിശ്ചയിക്കാനുള്ള സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം ഒരു കേന്ദ്രമന്ത്രിയെ നിയോഗിക്കാനുള്ള ബില്ല് ഇതിനുവേണ്ടിയാണെന്നും ബേബി പറഞ്ഞു.
ഇതോടെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് ഒരു കേന്ദ്രമന്ത്രി എന്നിവർ ആവും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുക. പ്രതിപക്ഷനേതാവ് എതിർത്താലും യൂണിയൻ സർക്കാർ നിശ്ചയിക്കുന്ന ഒരാളെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിശ്ചയിക്കാൻ ഒരു തടസ്സവും ഉണ്ടാവില്ല. ഒരു സ്വതന്ത്ര സ്ഥാപനം ആവാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ സാധ്യതകളും ഇതോടെ അവസാനിക്കുകയാണ്. സർക്കാർ നിശ്ചയിക്കുന്ന ഒരു കമ്മീഷൻ മാത്രം. ഇപ്പോൾത്തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ദുരുപയോഗം ചെയ്യുന്നു. ഈ ബില്ല് പാസാകുന്നതോടെ ഈ ദുരുപയോഗം സാർവത്രികമാവും ബേബി പറഞ്ഞു.