ന്യൂഡൽഹി> തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബിൽ കേന്ദ്രസർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. ആ സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ കക്ഷി നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ വേണമെന്നായിരുന്നു സുപ്രിംകോടതി വിധി. ഇത് മറികടക്കാനാണ് കേന്ദ്രസർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നത്.
പുതിയ ബില്ലിൽ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമിതിയിൽ നിന്നും ഒഴിവാക്കി. പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കേന്ദ്രമന്ത്രി സമിതിയിൽ അംഗമാകും. പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്നിവരുൾപ്പെടുന്ന സമിതിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്.
ബിൽ ജനാധിപത്യ വിരുദ്ധമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ‘ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്നു. തെരഞ്ഞെടുപ്പും അട്ടിമറിക്കാനാണ് ബിജെപിയുടെ നീക്കം. സുപ്രീംകോടതി വിധികളെ എല്ലാം പാർലമെൻറിൽ ബിൽ കൊണ്ട് വന്നു അട്ടിമറിക്കുകയാണ്. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണം’- യെച്ചൂരി ആവശ്യപ്പെട്ടു.