കൊൽക്കത്ത
മലയാളി കരുത്തിൽ ഗോകുലം കേരളയ്ക്ക് മിന്നുംജയം. ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ ഇന്ത്യൻ എയർഫോഴ്സിനെ രണ്ട് ഗോളിന് തോൽപ്പിച്ചു മുൻ ചാമ്പ്യൻമാർ. മലയാളിതാരങ്ങളായ കെ സൗരവും വി എസ് ശ്രീക്കുട്ടനുമാണ് ലക്ഷ്യം കണ്ടത്. മറ്റൊരു മത്സരത്തിൽ നേപ്പാൾ ടീം ത്രിഭുവൻ ആർമി ഡൽഹി എഫ്സിയെ 1–-1ന് തളച്ചു.
പുതിയ സീസണിലെ ആദ്യ കളിക്കിറങ്ങിയ ഗോകുലത്തെ തുടക്കത്തിൽ പിടിച്ചുനിർത്താൻ എയർഫോഴ്സ് പ്രതിരോധത്തിനായി. എന്നാൽ, 36–-ാം മിനിറ്റിൽ സൗരവ് ലീഡ് സമ്മാനിച്ചു. എയർഫോഴ്സിന്റെ മലയാളി ഗോളി കെ ഷിബിൻരാജിന്റെ കണക്കുകൂട്ടൽ തെറ്റിച്ചുള്ള അപ്രതീക്ഷിത ഷോട്ട് വലകയറി.
രണ്ടാംപകുതിയിൽ പകരക്കാരനായെത്തിയാണ് ശ്രീക്കുട്ടൻ ലക്ഷ്യം കണ്ടത്. മൂന്നാംഗോൾ നേടാനുള്ള സുവർണാവസരം ക്യാപ്റ്റനും സ്പാനിഷ് മുന്നേറ്റക്കാരനുമായ അലക്സ് സാഞ്ചസ് കളഞ്ഞു. 13ന് കേരള ബ്ലാസ്റ്റേഴ്സുമായാണ് ഗോകുലത്തിന്റെ അടുത്തമത്സരം.ഇന്ന് ഹൈദരാബാദ് എഫ്സി ചെന്നൈയിൻ എഫ്സിയെയും പഞ്ചാബ് എഫ്സി ബംഗ്ലാദേശ് ആർമിയെയും നേരിടും.
ബ്ലാസ്റ്റേഴ്സ് ടീമായി ; 13ന് ഗോകുലത്തിനോട്
ഡ്യുറന്റ് കപ്പ് ഫുട്ബോളിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മാർകോ ലെസ്കോവിച്ച്, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ്, ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരാണ് വിദേശ താരങ്ങൾ. കെ പി രാഹുലും വിബിൻ മോഹനനും ഉൾപ്പെടെ ഒമ്പത് മലയാളികളും ടീമിൽ ഇടംപിടിച്ചു. ആഗസ്ത് 13ന് ഗോകുലം കേരളയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യകളി. പിന്നീട് ബംഗളൂരു എഫ്സിയുമായും ഇന്ത്യൻ എയർഫോഴ്സുമായും ഏറ്റുമുട്ടും.















