മുംബൈ
ഇന്ത്യയിൽ ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുതുക്കി. ഒമ്പത് മത്സര തീയതികളിലാണ് മാറ്റം. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അഹമ്മദാബാദിൽ നടക്കുന്ന മത്സരം ഒക്ടോബർ 14നാണ്. നേരത്തേ ഒക്ടോബർ 15 ആണ് നിശ്ചയിച്ചിരുന്നത്.
സുരക്ഷാകാരണങ്ങളാൽ തീയതിയിൽ മാറ്റംവേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 15ന് നവരാത്രി ആഘോഷങ്ങളുടെ തുടക്കമാണ്. ഒരുലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാവുന്ന അഹമ്മദാബാദ് സ്റ്റേഡിയത്തിൽ സുരക്ഷ ഉറപ്പാക്കാനാണ് തീയതി മാറ്റം.
ഡൽഹിയിൽ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും തമ്മിൽ നടക്കേണ്ട മത്സരം ഒരുദിവസം മുന്നോട്ടാക്കി–-ഒക്ടോബർ 15. പാകിസ്ഥാൻ –-ശ്രീലങ്ക (ഒക്ടോബർ 10), ദക്ഷിണാഫ്രിക്ക–-ഓസ്ട്രേലിയ (ഒക്ടോബർ 12), ന്യൂസിലൻഡ് –-ബംഗ്ലാദേശ് (ഒക്ടോബർ 13) എന്നിവയും പുതുക്കി നിശ്ചയിച്ചു. ബംഗളൂരുവിൽ നവംബർ 11ന് നിശ്ചയിച്ച ഇന്ത്യ–-നെതർലൻഡ്സ് മത്സരം നവംബർ 12ന് നടക്കും. ഇംഗ്ലണ്ട്–-പാകിസ്ഥാൻ, ഓസ്ട്രേലിയ–-ബംഗ്ലാദേശ് മത്സരം ഒരുദിവസം നേരത്തേയാക്കി–- നവംബർ 11.















