ഗയാന
ഇന്ത്യൻ ക്രിക്കറ്റിലെ മികവുറ്റ ഇടംകൈ ക്രിക്കറ്റർമാരുടെ നിരയിലേക്ക് ഒരു ഇരുപതുകാരൻകൂടി കടന്നുവരുന്നു. ഹൈദരാബാദുകാരൻ തിലക് വർമ. മൂന്ന് രാജ്യാന്തര മത്സരം മാത്രമാണ് പരിചയം. പക്ഷേ, മൂന്ന് കളികൊണ്ട് തിലക് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നൽകുന്നു. തിലക് ഏകദിന ലോകകപ്പ് ടീമിൽ കളിക്കണമെന്നാണ് ആഗ്രഹമെന്ന് സ്പിന്നർ ആർ അശ്വിനും മുൻ സെലക്ടർ എം എസ് കെ പ്രസാദും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിലവിലെ ഇന്ത്യൻ ടീമിൽ മധ്യനിരയിൽ ഒരു ഇടംകൈ ബാറ്ററുടെ അഭാവമുണ്ട്. ഈ സാഹചര്യത്തിൽ തിലകിനെ പരിഗണിക്കേണ്ടതാണെന്നും ഇവർ പറയുന്നു.
ടറൗബയിലെ ബാറ്റിങ് ദുഷ്കരമായ പിച്ചിലായിരുന്നു അരങ്ങേറ്റം. വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ അരങ്ങേറ്റക്കാരൻ മാത്രമായിരുന്നു പൊരുതിയത്. 22 പന്തിൽ 39 റണ്ണായിരുന്നു ആദ്യകളിയിലെ സ്കോർ. മറ്റൊരു ഇന്ത്യൻ കളിക്കാരനും ആ കളിയിൽ 30 തൊട്ടില്ല. രണ്ടാംമത്സരത്തിലും 41 പന്തിൽ 51 റണ്ണെടുത്ത് ടീമിലെ ടോപ് സ്കോററായി. മൂന്നാംമത്സരത്തിലും അരസെഞ്ചുറിക്ക് അരികെയെത്തിയതാണ്. 37 പന്തിൽ 49 റൺ. ജയത്തിന് രണ്ട് റൺ വേണ്ടിയിരിക്കെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിലകിനെ ഒരറ്റത്ത് നിർത്തി സിക്സർ പായിക്കുകയായിരുന്നു. 13 പന്തുകൾ അപ്പോഴും ശേഷിക്കുന്നുണ്ടായിരുന്നു. തുടർച്ചയായ രണ്ടാം അരസെഞ്ചുറിക്കുള്ള അവസരം തിലകിന് നഷ്ടമാകുകയായിരുന്നു.
ഗയാനയിലെ വേഗം കുറഞ്ഞ പിച്ചിൽ തപ്പിത്തടഞ്ഞ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ അൽസാരി ജോസഫിന്റെ പന്തിൽ ദുർബല ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. ആ ഘട്ടത്തിലാണ് തിലക് ക്രീസിലെത്തുന്നത്. നേരിട്ട ആദ്യ രണ്ട് പന്തിലും ഫോർ. മറുവശത്ത് അതിവേഗത്തിൽ റണ്ണടിച്ചുകൂട്ടുന്ന സൂര്യകുമാറിന് മികച്ച കൂട്ടായി ഇരുപതുകാരൻ. 160 ലക്ഷ്യത്തിലേക്ക് വേഗത്തിൽ അടുത്തു. സൂര്യ 44 പന്തിൽ 83 റണ്ണെടുത്ത് പുറത്തായെങ്കിലും തിലക് ജയംവരെ കളത്തിലുണ്ടായി. മൂന്ന് കളിയിൽ 139 റണ്ണാണ് നേടിയത്. 69.50 ബാറ്റിങ് ശരാശരി. പ്രഹരശേഷി 139.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് ഹൈദരാബാദുകാരന് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്. വിൻഡീസിനെതിരായ പരമ്പരയിൽ രണ്ട് മത്സരംകൂടി ശേഷിക്കുന്നുണ്ട്. 12, 13 തീയതികളിലാണ് മത്സരങ്ങൾ. പരമ്പര നേടാൻ രണ്ട് കളിയിലും ഇന്ത്യക്ക് ജയം വേണം.















