ന്യൂഡൽഹി
മണിപ്പുർ താഴ്വരയിൽ മെയ്ത്തീ വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെ അഭിമുഖീകരിക്കുന്ന കേന്ദ്രസേനയായ അസം റൈഫിൾസിന് പിന്തുണയുമായി കരസേന. മണിപ്പുരിൽ അസം റൈഫിൾസ് തുടർന്നും സമാധാനത്തിനായി ശക്തമായി നിലകൊള്ളുമെന്ന് മണിപ്പുരിൽ വിന്യസിക്കപ്പെട്ടിട്ടുള്ള കരസേനയുടെ സ്പിയർ കോപ്സ് പ്രസ്താവിച്ചു.
സമാധാനം ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമത്തെയും അസം റൈഫിൾസ് ചെറുക്കുമെന്നും സേന അറിയിച്ചു. പൊലീസ് സംഘത്തെ തടഞ്ഞെന്ന് ആരോപിച്ച് അസം റൈഫിൾസിനെതിരായി നേരത്തെ കേസെടുത്തിരുന്നു. അസം റൈഫിൾസിനെ മണിപ്പുരിൽനിന്ന് പൂർണമായും പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.
അസം റൈഫിൾസുമായി ബന്ധപ്പെട്ട് രണ്ട് റിപ്പോർട്ടുകൾ അടുത്തിടെ വന്നുവെന്ന് കരസേന പറഞ്ഞു. ഇതിൽ ആദ്യത്തെ സംഭവത്തിൽ സംഘർഷമേഖലയിൽ ചെയ്യേണ്ട കാര്യമാണ് അവർ നിർവഹിച്ചത്. പൊലീസിന് സംഘർഷമേഖലയിൽ ഒരു പരിധിക്കപ്പുറം അനുവാദമില്ല. ചെക്ക്പോസ്റ്റിൽനിന്ന് അസം റൈഫിൾസിനെ പിൻവലിച്ചെന്ന രണ്ടാമത്തെ റിപ്പോർട്ടും അടിസ്ഥാനരഹിതമാണ്. അതുമായി അസം റൈഫിൾസിന് ഒരു ബന്ധവുമില്ല. അവിടെ മെയ് മുതൽ സൈന്യത്തിന്റെ കാലാൾ വിഭാഗമാണ് ഡ്യൂട്ടിയിൽ.
മണിപ്പുരിലെ സങ്കീർണ സാഹചര്യത്തിൽ വിവിധ സേനാവിഭാഗങ്ങൾക്കിടയിൽ ചിലപ്പോഴൊക്കെ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം തെറ്റിദ്ധാരണകൾ വേഗത്തിൽ പരിഹരിച്ച് നീങ്ങുകയാണ് പതിവ്–- സൈന്യം അറിയിച്ചു.