ന്യൂഡൽഹി
രാജ്യത്ത് പ്രതിവർഷമുള്ള ദേശീയപാതാനിർമാണം കുറഞ്ഞുവരുന്നുവെന്ന് കണക്കുകൾ. രാജ്യസഭയിൽ വി ശിവദാസന് നൽകിയ മറുപടിയിലാണ് ഈ വിവരം. 2020-–-21ൽ 13,327 കിലോമീറ്റർ ദേശീയപാത നിർമാണം പൂർത്തിയായി. ഇത് 2021-–-22ൽ കുറഞ്ഞ് 10,457 കിലോമീറ്ററായി. 2022––23ൽ വീണ്ടും കുറഞ്ഞ് 10,331 കിലോമീറ്ററായി. 2023––24ൽ ജൂൺവരെ 2,250 കിലോമീറ്റർമാത്രമാണ് പൂർത്തിയായത്.
ദേശീയപാത പുതുക്കിപ്പണിയുന്ന നിരക്കിലും കുറവുണ്ട്. 2020–-21ൽ 4,907 കിലോമീറ്റർ പുതുക്കിപ്പണിഞ്ഞത് 2021––22ൽ 2,790 കിലോമീറ്റർ ആയി കുറഞ്ഞു. 2022-–-23 വീണ്ടും കുറഞ്ഞ് 2,152 കിലോമീറ്ററായി. 2023-–-24 ജൂൺവരെ 446 കിലോമീറ്റർമാത്രമാണ് പുതുക്കി പണിഞ്ഞത്. ദേശീയപാത അതോറിറ്റിയുടെ കടം 3.48 ലക്ഷം കോടി ആയി ഉയർന്നതായി വാർത്തകൾ വന്നിരുന്നു. വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കുന്ന തിരക്കിൽ, അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധിക്കാൻ മോദി സർക്കാരിന് കഴിയുന്നില്ലെന്ന് വി ശിവദാസൻ പറഞ്ഞു.















