ഷാർജ > ഇന്ത്യൻ അസോസിയേഷൻ ഷാർജയും മലബാർ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മീറ്റിംഗിൽ ഗൾഫിൽ നിന്നും കപ്പൽ സർവീസ് പുനരാരംഭിക്കണമെന്ന് അഭിപ്രായം ഉയർന്നു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ഹാളിൽ നടന്ന മീറ്റിങിലാണ് അഭിപ്രായം ഉയർന്നത്. വർധിച്ച വിമാനനിരക്കുകളും മോശം വിമാന സർവീസുകളും കാരണം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമെന്ന നിലയിലാണ് വീണ്ടും കപ്പൽ സർവീസ് പുനരാരംഭിക്കണമെന്ന അഭിപ്രായം ഉയർന്നത്.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹിം, ആക്ടിങ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, ജോയിന്റ് ട്രഷറർ ബാബു വർഗീസ്, മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും മലബാർ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് സി ഇ ചാക്കുണ്ണി, ജനറൽ സെക്രെട്ടറി അഡ്വ. എം കെ. അയ്യപ്പൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഷാർജ ഇന്ത്യൻ അസോസിയേഷനും മലബാർ ഡെവലപ്മെന്റ് ഫോറവും ചേർന്ന് അതിനുവേണ്ട പ്രാരംഭ നടപടികൾ ഗവൺമെന്റുമായി ചർച്ച ചെയ്യുമെന്ന് അഡ്വ. വൈ എ റഹിം അറിയിച്ചു.