തിരുവനന്തപുരം
മലയാള സിനിമയിൽ ചിരിയുടെ പുതുവസന്തം തീർത്ത ചലച്ചിത്ര പ്രതിഭയാണ് സിദ്ദിഖ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പലമേഖലയിലും നിറസാന്നിധ്യമായിരുന്നു. നടൻ ലാലിനൊപ്പം ചേർന്ന് ഇരുവരും ഒരുക്കിയ സിനിമകൾ മലയാളി എക്കാലവും ഓർത്തുവയ്ക്കും. സിദ്ദിഖ്–- ലാൽ കൂട്ട്കെട്ട് മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ അടയാളമാണ്. കൂട്ടുകെട്ട് വേർപിരിഞ്ഞ ശേഷവും സിദ്ദിഖ് സ്വന്തമായി സംവിധാനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഹാസ്യ സിനിമകൾക്ക് നവഭാവുകത്വം സമ്മാനിച്ച ചലച്ചിത്ര പ്രതിഭയെയാണ് സിദ്ദിഖിന്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.