കോട്ടയം
ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. എട്ട് പഞ്ചായത്തിൽ ആറും ഭരിക്കുന്നതിന്റെ അടിത്തറയുമായി എൽഡിഎഫും സഹതാപം മാത്രം കണക്കുകൂട്ടി യുഡിഎഫും ഏറ്റുമുട്ടും. എൻഡിഎയും മത്സരരംഗത്തുണ്ടാകും. അരനൂറ്റാണ്ടായി മണ്ഡലം നേരിടുന്ന വികസന പിന്നാക്കാവസ്ഥയും ഭാവിവികസന സാധ്യതയും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനറും കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റുമായ പ്രൊഫ. ലോപ്പസ് മാത്യു ‘ദേശാഭിമാനി’യോട് പറഞ്ഞു.
ജനപ്രതിനിധി മരിച്ച് 21 ദിവസം മാത്രം പിന്നിട്ടപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുവെന്ന പ്രത്യേകതയും പുതുപ്പള്ളിക്കുണ്ട്. പുതുപ്പള്ളി, പാമ്പാടി, മണർകാട്, കൂരോപ്പട, വാകത്താനം, അകലക്കുന്നം പഞ്ചായത്തുകളിൽ എൽഡിഎഫും അയർക്കുന്നം, മീനടം യുഡിഎഫും ഭരിക്കുന്നു. പാമ്പാടി, മാടപ്പള്ളി, പള്ളം, ബ്ലോക്കുകളിലെ ഡിവിഷനാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മൂന്നിടത്തും എൽഡിഎഫ് ഭരണമാണ്.
2021 ലെ തെരഞ്ഞെടുപ്പിൽ 1,76,103 വോട്ടർമാരാണുണ്ടായിരുന്നു. ഇതിൽ 86,172 പുരുഷന്മാരും 89,928- സ്ത്രീകളും- മൂന്ന് ട്രാൻസ്ജെൻഡേഴ്സും. 1,32,687 പേർ വോട്ട് രേഖപ്പെടുത്തി. യുഡിഎഫിന് 63,372- വോട്ടും എൽഡിഎഫിലെ ജയ്ക് സി തോമസിന് 54,328 വോട്ടും നേടി. ബിജെപിയിലെ എൻ ഹരി 11,694 വോട്ടിലൊതുങ്ങി. ഭൂരിപക്ഷം 9,044-. യുഡിഎഫിന് 48.08 ശതമാനവും എൽഡിഎഫിന് 41 .22 ശതമാനവും ബിജെപിക്ക് 8.87 ശതമാനവും വോട്ട് കിട്ടി. 2016ലെ തെരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടുമായി ബിജെപിയുടെ അഡ്വ. ജോർജ് കുര്യൻ 15,933 വോട്ട് പിടിച്ചിരുന്നു. എൽഡിഎഫിന് എട്ട് ശതമാനം വോട്ട് മുൻ തെരഞ്ഞെടുപ്പിലേതിലും കൂടുതൽ കിട്ടി. യുഡിഎഫിന് അഞ്ചര ശതമാനം വോട്ട് കുറഞ്ഞു. 2021 ൽ മറ്റ് സ്ഥാനാർഥികളും കിട്ടിയ വോട്ട്: ജോർജ് ജോസഫ് (സ്വത.) –- 997, അഭിലാഷ് പി പി (ബിഎസ്പി)- –-763, നോട്ട –- 497, എം വി ചെറിയാൻ (എസ്യുസിഐ – 146).