കറുകുറ്റി > കറുകുറ്റി പഞ്ചായത്തിലെ ലക്ഷങ്ങൾ വിലവരുന്ന തേക്ക് മരം മോഷ്ടിക്കുന്നതിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ്സ് ഭരണ നേതൃത്വവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കറുകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കെക്കര അടക്കം രണ്ട് പേർക്കെതിരെ അങ്കമാലി പൊലീസ് മോഷണക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.
മാർച്ച് പഞ്ചായത്ത് ഗേറ്റിൽ ബാരിക്കേട് ഉയർത്തി പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഐ എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ജോണി മൈപ്പാൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ പി റെജീഷ്, പി വി ടോമി, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി അനീഷ്, മുൻ പഞ്ചാത്ത് പ്രസിഡന്റ് ഫ്രാൻസിസ് ജെ പൈനാടത്ത്, കറുകുറ്റി സർവ്വീസ് സഹകര ബാങ്ക് പ്രസിഡന്റ് കെ കെ ഗോപി, ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജീസ് മുണ്ടപ്ലാക്കൽ, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ മേരി ആന്റണി എന്നിവർ സംസാരിച്ചു.