തിരുവനന്തപുരം> നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന നവകേരളമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ശാസ്ത്രചിന്തയും സഹജാവബോധവും പൗരബോധവും വളർത്തുന്നതും ജനാധിപത്യമൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുന്നതുമായ ഇടമായാണ് നവകേരളത്തെ വിഭാവനം ചെയ്യുന്നത്. അത് യാഥാർഥ്യമാക്കുന്നതിൽ വരുംതലമുറയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്. യുവതലമുറയുടെ എല്ലാ തലത്തിലുമുള്ള വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനുള്ള ചാലകശക്തിയായി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് മാറട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
കേഡറ്റുകൾക്കൊപ്പം മുഖ്യമന്ത്രി കേക്ക് മുറിച്ചു. പദ്ധതിയുടെ ഈ വർഷത്തെ പ്രമേയം ‘ചലഞ്ച് ദ ചലഞ്ചസ് ടുവേഴ്സ് എ ബെറ്റർ വേൾഡി’-ന്റെ തീം വീഡിയോയും മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. എസ്പിസി സംസ്ഥാന ക്വിസ് ഗ്രാൻഡ് ഫിനാലെ വിജയികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹെബ്, എഡിജിപി എം ആർ അജിത് കുമാർ, ദക്ഷിണ മേഖലാ ഐ ജി സ്പർജൻകുമാർ, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നാഗരാജു ചക്കിലം, ഡിഐജി ആർ നിശാന്തിനി തുടങ്ങിയവർ സംസാരിച്ചു.