അബുദാബി > എമിറേറ്റിലെ വാണിജ്യ, പാർപ്പിട കെട്ടിടങ്ങളിലെ ദ്രവീകൃത പെട്രോളിയം വാതക (എൽപിജി) സംവിധാനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ പദ്ധതിക്ക് അബുദാബി ഊർജ വകുപ്പ് തുടക്കമിട്ടു.
പരിശോധനാ കാമ്പയ്നിന്റെ ഭാഗമായി, എൽപിജി ഗ്യാസ് നിറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, കെട്ടിടങ്ങൾക്കും അവയുമായി ബന്ധപ്പെട്ട റസിഡൻഷ്യൽ യൂണിറ്റുകൾക്കുമുള്ള ഗ്യാസ് സംവിധാനങ്ങൾ എന്നിവ ഉദ്യോഗസ്ഥർ വിലയിരുത്തും.
പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപകരണങ്ങളുടെ സഹായത്തോടെ സംഭരണ ടാങ്കുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും വാതക ചോർച്ച കണ്ടെത്തുന്നതിനും ആവശ്യമായ സുരക്ഷാ മെച്ചപ്പെടുത്തലുകൾ നിർണ്ണയിക്കുകയും ഓൺ-സൈറ്റ് പരിശോധനകൾ നടത്തിയ ശേഷം ഒരു വർഷത്തേക്ക് സാധുതയുള്ള ഗ്യാസ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കെട്ടിടങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന കോംപ്ലിമെന്ററി സർട്ടിഫിക്കറ്റ് ഊർജ്ജ വകുപ്പ് നൽകുകയും ചെയ്യും.
പരിശോധനാ തീയതിയുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്കും മാനേജർമാർക്കും മുൻകൂർ അറിയിപ്പ് നൽകുമെന്നും കെട്ടിട പ്രവേശന കവാടങ്ങളിൽ പൊതു അറിയിപ്പുകൾ പോസ്റ്റു ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ്, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് , അബുദാബി പൊലീസ്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി, അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് സെന്റർ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഊർജ്ജ വകുപ്പ് കാമ്പയിൻ നടപ്പാക്കുന്നത് .