കാലടി > വീട്ടിൽ ഉറങ്ങികിടന്ന വയോധികനെ ഇതര സംസ്ഥാന തൊഴിലാളി തലക്കടിച്ച് പരിക്കേൽപ്പിച്ചു. ശ്രീമൂലനഗരം പഞ്ചായത്തിലെ ചൊവ്വര തൂമ്പാക്കടവ് തൂമ്പായിൽ വീട്ടീൽ ബദറുദ്ദീ (78) നാണ് തലക്കടിയേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചത്തിസ്ഗഡ് സ്വദേശി മനോജ് സാഹുവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ രാത്രി 11.30 ഓടെയാണ് സംഭവം.
ഉറങ്ങിക്കിടന്ന ബദുറിദീനെ മരത്തടികൊണ്ട് അടിക്കുകയായിരുന്നു. രണ്ടുതവണ ബദറുദ്ദീന്റെ തലയ്ക്കടിയേറ്റു. ശേഷം ഇയാൾ രക്ഷപെടാൻ ശ്രമിച്ചങ്കിലും ബദറുദ്ദീന്റെ മകന്റെ ഭാര്യ കാണുകയും അവർ ഒച്ചവെച്ചതിനെത്തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു. തലക്ക് ഗുരുതര പരിക്കേറ്റ ബദറുദ്ദീനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിക്കിടന്ന വയോധികനെ തലക്കടിച്ചതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ചോദ്യം ചെയ്തിട്ടും ഒരു പ്രതികരണവും ഇയാൾ നടത്തിയിട്ടില്ലന്നും പൊലീസ് പറഞ്ഞു. ബദറുദ്ദീന്റെ വീട്ടുവളപ്പില്നിന്നെടുത്ത മരത്തടി കൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയതെന്നും സംഭവത്തിന് ശേഷം ഇത് മതിലില്‍ ചാരിവെച്ചാണ് പ്രതി രക്ഷപെടാൻ ശ്രമിച്ചതെന്നുമാണ് ബദറുദ്ദീന്റെ ബന്ധുക്കൾ പറയുന്നത്.