തിരുവനന്തപുരം > ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. ഓണ വിപണി ഇടപെടലിന്റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനത്തും താലൂക്ക്, മണ്ഡലാടിസ്ഥാനത്തിലും ഓണച്ചന്തകൾ നടത്തുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 18ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും. 23നുള്ളിൽ മറ്റ് കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തകൾ പൂർണസജ്ജമാകും. വിലക്കയറ്റം രൂക്ഷമെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയാവതരണ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഒരുതരത്തിലുള്ള പ്രതിസന്ധിയും സപ്ലൈകോയുടെ ഓണ വിപണിയ ബാധിക്കാതിരിക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിലക്കയറ്റം സാധാരണക്കാരെ ബാധിക്കാതിരിക്കുന്നതിനായി ഓണക്കാലത്ത് നീല, വെള്ള കാർഡ് ഉടമകൾക്ക് അഞ്ചുകിലോവീതം അരി പ്രത്യേകമായി നൽകും. സംസ്ഥാനത്ത് വിലക്കയറ്റം തടയാൻ വിപുലവും മാതൃകാപരവുമായ വിപണി ഇടപെടലും നടത്തുന്നു. രാജ്യമാകെ വിലക്കയറ്റം രൂക്ഷമായിട്ടും കേരളം പിടിച്ചുനിൽക്കുന്നതത് ഈ ഇടപെടലിലൂടെയാണ്. ഉൽപാദക സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് 13 ഇനം അവശ്യവസ്തുക്കൾ കേരളത്തിൽ ലഭ്യമാക്കാനാകുന്നു. പച്ചക്കറി വിലനിയന്ത്രണത്തിലും ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ ഇല്ലെന്ന ആക്ഷേപത്തിൽ സംയുക്ത പരിശോധനയ്ക്ക് പ്രതിപക്ഷ നേതാവ് തയ്യാറുണ്ടോയെന്ന് മന്ത്രി ചോദിച്ചു. താനും ഒപ്പം പങ്കെടുക്കാമെന്നും അറിയിച്ചു. എന്നാൽ മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാതെ പ്രതിപക്ഷ നേതാവ് ഒഴിഞ്ഞുമാറി.
കേരളത്തിൽ ചില അവശ്യസാധനങ്ങൾക്കുണ്ടായ വില വർധനവ് ചൂണ്ടിക്കാട്ടുന്നതിനല്ല പ്രതിപക്ഷത്തിന് താൽപരമെന്ന് മന്ത്രി പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധന, ഭക്ഷ്യ വകുപ്പുകൾ തമ്മിൽ ഇല്ലാത്ത ഒരു ഭിന്നതയുണ്ടെന്ന് വരുത്തിതീർക്കുവാനായിരുന്നു പ്രതിപക്ഷ നേതാവടക്കം പരിശ്രമിച്ചത്. വിലക്കയറ്റ വിഷയങ്ങൾ പരിശോധിക്കുന്നതിനും, ജനങ്ങൾക്ക് കൂടുതൽ ആശ്വാസകരമായ സാഹചര്യമൊരുക്കുന്നതിനും ഒരു നിർദേശംപോലും മുന്നോട്ടുവയ്ക്കാൻ കഴിയുന്നുമില്ല. കോഴിക്കോട് പാളയം സപ്ലൈകോയിലെ ഔട്ട് ലെറ്റിൽ ഏഴ് ഇനം സബ്സിഡി സാധനങ്ങൾ ഉണ്ടായിരുന്നപ്പോഴും വിലവിവര പട്ടികയിൽ ഇല്ല എന്ന് രേഖപ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. സപ്ലൈകോയിൽ 46 രൂപ സബ്സിഡി വിലയിൽ അര ലിറ്റർ വെളിച്ചെണ്ണ നൽകുന്നു. ഒരുലിറ്റർ പായ്ക്കറ്റ് വെളിച്ചെണ്ണ വാങ്ങുന്ന ഉപഭോക്താവിന് അര ലിറ്റർ വെളിച്ചെണ്ണ സബ്സിഡി വിലയ്ക്കും ബാക്കി സബ്സിഡിയിതര വിലയ്ക്കും നൽകും. സബ്സിഡിയായി നൽകിവന്നിരുന്ന വെളിച്ചെണ്ണയുടെ അളവിലോ വിലയിലോ ഒരുകുറവും വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.