തിരുവനന്തപുരം
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മൂന്നു നിയമഭേദഗതി ബിൽ ചൊവ്വാഴ്ച നിയമസഭ പരിഗണിക്കും. കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ബിൽ, കേരള മോട്ടോർ വാഹനത്തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകൽ (ഭേദഗതി) ബിൽ, കേരള ക്ഷീരകർഷക ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയാണവ.
ആരോഗ്യപ്രവർത്തകരെ ദേഹോപദ്രവം ഏൽപ്പിക്കുന്നവർക്ക് ഏഴുവർഷംവരെ തടവുശിക്ഷ ഉറപ്പാക്കുന്ന വിവിധ ഭേദഗതികൾ ഉൾപ്പെടുത്തിയ, 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമഭേദഗതി ഓർഡിനൻസിനു പകരമുള്ളതാണ് ആദ്യബിൽ. പാരാമെഡിക്കൽ വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരെ നിയമപരിധിയിൽ ഉൾപ്പെടുത്തി.
കേരള മോട്ടോർ വാഹനത്തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകൽ (ഭേദഗതി) ബില്ലാണ് പരിഗണിക്കുന്ന മറ്റൊന്ന്. ന്യായവേതനം നിഷേധിച്ചാൽ, അത് തൊഴിലാളിക്ക് ലഭ്യമാക്കാൻ ഉതകുന്ന വ്യവസ്ഥകൾ 1971ലെ നിയമത്തിലില്ല. ഡെപ്യൂട്ടി ലേബർ കമീഷണർ പദവിയിൽ കുറയാത്ത തൊഴിൽവകുപ്പ് ഉദ്യോഗസ്ഥനെ ഇത്തരം പരാതികൾ പരിശോധിക്കാനുള്ള ഇൻസ്പെക്ടറായി നിയമിക്കാമെന്ന് ഭേദഗതി ബിൽ നിർദേശിക്കുന്നു. ന്യായവേതന നിഷേധം കണ്ടെത്തിയാൽ, കുറവുവന്ന തുകയുടെ പത്തിരട്ടിവരെ നഷ്ടപരിഹാരവും ചേർത്ത തുക തൊഴിലാളിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർക്ക് അധികാരമുണ്ടാകും.
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ എണ്ണം പന്ത്രണ്ടിൽനിന്ന് പതിനഞ്ചാക്കാനാണ് നിയമഭേദഗതി. ക്ഷീരസംഘങ്ങളിൽ 85 ശതമാനം വരുന്ന ആനന്ദ് മാതൃക സംഘങ്ങളുടെ പ്രതിനിധികൾക്കും ബോർഡിൽ പ്രതിനിധ്യം ഉറപ്പാക്കും. സംഘം പ്രസിഡന്റുമാരിൽനിന്ന് മൂന്നുപേരെ ബോർഡിലേക്ക് സർക്കാർ നാമനിർദേശം ചെയ്യും. ക്ഷേമനിധി അംഗത്വത്തിന് ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്നതിനും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി ക്ഷീരവികസന വകുപ്പിലെ ജോയിന്റ് സെക്രട്ടറിവരും. അംശാദായം കൃത്യമായി അടയ്ക്കാത്ത സംഘങ്ങളിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് പലിശ സഹിതം തുക ഈടാക്കും.