വണ്ടൻമേട് (ഇടുക്കി)
നാലുവർഷത്തിന് ശേഷം 2000 പിന്നിട്ട് ഏലം വില. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ ലേല കേന്ദ്രത്തിൽ തിങ്കൾ രാവിലെ നടന്ന ജിസിടിസി ലേലത്തിൽ ശരാശരി വില കിലോയ്ക്ക് 2042.33 രൂപ രേഖപ്പെടുത്തി. ഉയർന്ന വില 2596 രൂപയാണ്. 31,581 കിലോ ലേലത്തിനു വച്ചതിൽ 29,757കിലോയും വിറ്റു. ഉച്ച കഴിഞ്ഞ് നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ലേലത്തിൽ 285 ലോട്ടുകളിലായി 73,903.9 കിലോ ഏലക്കയാണ് ലേലത്തിനു വന്നത്. ശരാശരിവില വീണ്ടുമുയർന്ന് കിലോയ്ക്ക് 2152.24 രൂപയിലെത്തി. ഉയർന്ന വില 2899 രൂപയായും വർധിച്ചു.
കാലാവസ്ഥാ വ്യതിയാനം, മഴയുടെ ലഭ്യതക്കുറവ്, രോഗബാധ തുടങ്ങിയ കാരണങ്ങളാൽ ഉൽപ്പാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിരുന്നു. ഇടനില കച്ചവടക്കാർ മാത്രമാണ് വലിയതോതിൽ ഏലക്ക സംഭരിച്ചത്. ജൂലൈ പകുതിയോടെ വിപണിയിൽ വർധന പ്രകടമായിരുന്നെങ്കിലും കർഷർക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ആഗസ്ത് എത്തിയിട്ടും മഴയില്ലാത്തതിനാൽ വരൾച്ചയെ എങ്ങിനെ നേരിടാനാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വില വർധിക്കുന്ന സാഹചര്യത്തിൽ ഉൽപ്പാദനം വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കർഷകർ.