കൊച്ചി
നിരോധനം നീക്കി ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കുന്നതിന് നിയമനിർമാണം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ദ്വീപുനിവാസികൾ. ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ പൊതുജനാഭിപ്രായം തേടി എഡിഎം കഴിഞ്ഞദിവസം വിജ്ഞാപനം പുറപ്പെടുവിച്ചു. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിർദേശം.
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും അധികാരപരിധിയുള്ള എക്സൈസ് വകുപ്പ് രൂപീകരണം, എക്സൈസ് കമീഷണറെ നിയമിക്കൽ, മദ്യ ഉൽപാദനത്തിനും വിൽപ്പനകേന്ദ്രങ്ങൾക്കും ലൈസൻസ്, നികുതി നിശ്ചയിക്കൽ, വ്യാജമദ്യ വിൽപ്പനയ്ക്ക് ശിക്ഷ എന്നിവ ഉൾപ്പെടെ വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്.
മദ്യനിരോധനം ജീവിതത്തിന്റെ ഭാഗമായ ലക്ഷദ്വീപിൽ 1979ലെ മദ്യനിരോധന നിയമപ്രകാരം മദ്യവിൽപ്പനയും ഉപയോഗവും പാടില്ല. ജനവാസം കുറവുള്ള, വിനോദസഞ്ചാരകേന്ദ്രമായ ബംഗാരം ദ്വീപിൽ റിസോർട്ടിനുള്ളിൽമാത്രമാണ് മദ്യ ഉപയോഗത്തിന് അനുമതിയുള്ളത്. കവരത്തി, മിനിക്കോയ്, കടമം ദ്വീപുകളിൽ പരിമിതമായ രീതിയിൽ മദ്യ ഉപയോഗത്തിന് അനുമതി നൽകാൻ 2021ൽ നീക്കമുണ്ടായി. എന്നാൽ, ജനകീയപ്രതിഷേധത്തെ തുടർന്ന് കേന്ദ്രസർക്കാർ പിൻവാങ്ങി.
കേന്ദ്രസർക്കാരിന്റെ വിശ്വസ്തനായ പ്രഫുൽ കെ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി വന്നതോടെ ദ്വീപിലെ ജനജീവിതം ദുസ്സഹമാക്കാനും കച്ചവടക്കണ്ണോടെ പരിഷ്കാരങ്ങൾ നടപ്പാക്കാനും ശ്രമിക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് മദ്യനിരോധനം പിൻവലിക്കാനുള്ള നീക്കവും. കപ്പൽസർവീസുകളുടെ എണ്ണം കുറയ്ക്കുക, രോഗികൾക്ക് എയർ ആംബുലൻസിന് കൂടുതൽ തടസ്സങ്ങൾ ഏർപ്പെടുത്തുക, കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്ന് മാംസവും മുട്ടയും ഒഴിവാക്കുക എന്നിങ്ങനെ നിരവധി ജനവിരുദ്ധ പരിഷ്കാരങ്ങളാണ് പ്രഫുൽ കെ പട്ടേൽ ചുമതലയേറ്റശേഷം നടപ്പാക്കുന്നത്. ഹൈക്കോടതിയെ സമീപിച്ചാണ് ദ്വീപുജനത ഈ പരിഷ്കാരങ്ങൾ പലതും നടപ്പാക്കുന്നത് തടഞ്ഞത്.
നിയമപരമായും രാഷ്ട്രീയമായും എതിർക്കും
ലക്ഷദ്വീപുജനതയുടെ സാമൂഹ്യ, സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ് മദ്യനിരോധനം. വിനോദസഞ്ചാരവികസനത്തിന് മദ്യം വേണമെന്ന് പറയുന്നതിൽ ന്യായമില്ല. ഗുജറാത്തുകാരനായ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നാട്ടിൽ വിനോദസഞ്ചാരം വികസിപ്പിക്കാൻ മദ്യനിരോധനം പിൻവലിച്ചിട്ടില്ല. മദ്യം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
പി പി മുഹമ്മദ് ഫൈസൽ ലക്ഷദ്വീപ് എംപി
മദ്യമല്ല; വേണ്ടത്
ശുദ്ധജലം
ലക്ഷദ്വീപുജനതയ്ക്ക് ആവശ്യം മദ്യമല്ല, കുടിവെള്ളമാണ്. യാത്രയ്ക്ക് കൂടുതൽ കപ്പലുകളും. മെഡിക്കൽ കോളേജും ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരും മരുന്നും വേണം. സ്കൂളുകളിൽ കൂടുതൽ അധ്യാപകരെ വേണം. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടത് ബോട്ടിന് ഇന്ധനവും ഐസ് പ്ലാന്റുകളുമാണ്. അതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമോ?
അയിഷ സുൽത്താന , ലക്ഷദ്വീപിലെ സിനിമാ സംവിധായിക