മനാമ> കളിയും ചിരിയും കഥയും പാട്ടുമായി കൂട്ടുകൂടി പാറിപ്പറന്ന വേനല്‍തുമ്പികള്‍ക്ക് തിരശ്ശീല. ബഹ്റൈന്‍ പ്രതിഭ ബാല വേദി ആഭിമുഖ്യത്തില്‍ നടന്ന അവധിക്കാല ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവപകര്ന്നാണ് കളം പിരിഞ്ഞത്.മാഹൂസിലെ ലോറല്‍സ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഹാളില്‍ ഒരു മാസമായി നടന്ന ക്യാമ്പില്‍ 130 ഓളം കുട്ടികള്‍ പങ്കെടുത്തു.
കുട്ടികളില്‍ ശാസ്ത്രാവബോധം, കലാ സാഹിത്യ ചിത്ര രചനാദികളില്‍ താല്പര്യം, നേതൃപാടവം, പ്രസംഗ പാടവം, ജീവിത നൈപുണ്യങ്ങള്‍, സാമൂഹിക അവബോധം, സഹവര്‍ത്തിത്വം, സാഹോദര്യം, കായിക വിനോദങ്ങള്‍, നാടിനെയും ആഘോഷങ്ങളെയും അറിയല്‍ തുടങ്ങി നിരവധിയായ ഉദ്യേശ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികളിലെ സര്‍ഗ്ഗാത്മകതയെ വളര്‍ത്താനും ഭയമില്ലാതെ പ്രശ്നങ്ങളെ നേരിടാനും, വ്യക്തിത്വ വികസനത്തിനും, സഭാകമ്പം മറികടക്കുന്നതിനുമൊക്കെ മുതല്‍ക്കൂട്ടാകുന്ന വിവിധ പരിപാടികള്‍ ക്യാമ്പില്‍ ഒരുക്കി.
ഘോഷയാത്രയോടെ ആരംഭിച്ച സമാപന സമ്മേളനം ഡെയ്ലി ട്രിബ്യൂണ്‍ മാനേജിങ് ഡയറക്ടര്‍ പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രതിഭ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോയ് വെട്ടിയാടന്‍ അധ്യക്ഷനായി. വേനല്‍ തുമ്പി 2023 ക്യാമ്പ് ഡയറക്ടര്‍ മുസമ്മില്‍ കുന്നുമ്മല്‍,പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം എന്‍. കെ വീരമണി, സംഘാടക സമിതി കണ്‍വീനര്‍ ബിനു കരുണാകരന്, ജോ. കണ്‍വീനര്‍ ഷീജ വീരമണി എന്നിവര്‍ സംസാരിച്ചു. പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും ജോ. കണ്‍വീനര്‍ രാജേഷ് ആറ്റാച്ചേരി നന്ദിയും പറഞ്ഞു.