ന്യൂഡൽഹി> കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ കസ്റ്റഡിയിൽ എടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടപടിക്ക് എതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽബാലാജി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സെന്തിൽബാലാജിയുടെ ഇഡി കസ്റ്റഡി കാലാവധി ശനിയാഴ്ച്ച വരെ നീട്ടി. മദ്രാസ് ഹൈക്കോടതി നേരത്തെ സെന്തിൽബാലാജിയുടെയും ഭാര്യ മേഖലയുടെയും ഹർജികൾ തള്ളിയിരുന്നു. ഇതിനെതിരെ ഇരുവരും നൽകിയ ഹർജികളാണ സുപ്രീംകോടതി തിങ്കളാഴ്ച്ച തള്ളിയത്.
ഇഡിക്ക് സെന്തിൽബാലാജിയെ കസ്റ്റഡിയിൽ എടുക്കാനുള്ള അധികാരമുണ്ടെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഇഡി കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്ന വാദവും തള്ളി. ഇഡിയുടെ കസ്റ്റഡിക്ക് എതിരായ ഹേബിയസ്കോർപ്പസ് ഹർജി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
‘റിമാൻഡ് ഉത്തരവ് ഹേബിയസ് കോർപ്പസ് ഉപയോഗിച്ച് ചോദ്യം ചെയ്യാനാകില്ല. കള്ളപ്പണം നിരോധന നിയമത്തിലെ 19ാംവകുപ്പ് പ്രകാരമുള്ള അറസ്റ്റ് നടത്തുമ്പോൾ നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ അതേ നിയമത്തിലെ 62ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാവുന്നതാണ്’–- സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.