തിരുവനന്തപുരം > അതീവ കൃത്യതയിൽ സ്കാനിങ് നടത്താനും സ്തനാർബുദം പ്രാരംഭദശയിൽത്തന്നെ കണ്ടുപിടിക്കാനുമായി നൂതന സൗകര്യങ്ങൾ ആർസിസിയിൽ സജ്ജം. 22 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാരാണ് എംആർഐ യൂണിറ്റും മാമോഗ്രഫി യൂണിറ്റും ഒരുക്കുന്നത്. തിങ്കൾ പകൽ മൂന്നിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
ത്രീ ടെസ്ല എംആർഐ യൂണിറ്റും ത്രി ഡി ഡിജിറ്റൽ മാമോഗ്രഫി യൂണിറ്റുമാണ് സജ്ജമായത്. അതീവ കൃത്യതയോടെ സ്കാൻ ചെയ്യാനാകുന്ന എംആർഐ യൂണിറ്റിന് 19.5 കോടി രൂപയാണ് ചെലവ്. സ്തനാർബുദം തുടക്കത്തിലേ കണ്ടുപിടിക്കാനാകുന്നതാണ് 3 ഡി ഡിജിറ്റൽ മാമോഗ്രഫി യൂണിറ്റ്. സ്തനാർബുദ നിർണയത്തിനുള്ള ബ്രസ്റ്റ് കോയിൽ, പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിനുള്ള പ്രത്യേക സംവിധാനം എന്നിവയും ഇതിലുണ്ട്. പ്രതിബിംബം സൂക്ഷ്മ വിശകലനം നടത്തി അതീവ കൃത്യതയോടെ രോഗനിർണയം നടത്താം. രോഗീസൗഹൃദവുമാണ്. സാധാരണ മാമോഗ്രഫിയിൽ രണ്ടു പ്രതിബിംബം മാത്രം ലഭിക്കുമ്പോൾ പുതിയ യൂണിറ്റിൽ 15 പ്രതിബിംബം ലഭിക്കും. അതിനാൽ കൂടുതൽ കൃത്യതയോടെ രോഗനിർണയം നടത്താം. ബയോപ്സി എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
സംസ്ഥാനത്ത് ആദ്യമായി ആർസിസിയാണ് ഈ മെഷീൻ സ്വന്തമാക്കുന്നത്. ഇതോടൊപ്പം അനെർട്ടിന്റെ സഹായത്തോടെ സ്ഥാപിച്ച സൗരോർജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവ മന്ത്രി കെ കൃഷ്ണൻകുട്ടിയും ഉദ്ഘാടനംചെയ്യും. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേളൂരി തുടങ്ങിയവർ പങ്കെടുക്കും.