പാലക്കാട് > പാലക്കയം വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം. കൈക്കൂലിക്കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥലംമാറ്റ നടപടികൾ.
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുൻ ഫീൽഡ് അസിസ്റ്റന്റ് സുരേഷ്കുമാറിനെ മേയ് 23-നാണ് പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി. ഷംസുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. മഞ്ചേരി സ്വദേശിയിൽനിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ്കുമാറിനെ പിടികൂടിയത്. ഇയാളുടെ മണ്ണാർക്കാട്ടുള്ള താമസസ്ഥലത്ത് വിജിലൻസ് നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപയും അക്കൗണ്ടിൽ 70ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. ഒരു മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ സുരേഷ്കുമാറിന് ജൂൺ ആദ്യവാരം ജാമ്യം ലഭിച്ചിരുന്നു.
മൂന്ന് ജീവനക്കാരെയാണ് പാലക്കയത്ത് നിന്ന് സ്ഥലം മാറ്റിയിട്ടുള്ളത്. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കും മാറ്റി. ഇവർക്കു പകരം പൊറ്റശ്ശേരി-ഒന്ന് വില്ലേജിലുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിനെയും അലനല്ലൂർ മൂന്ന് വില്ലേജ് ഓഫീസിലുണ്ടായിരുന്ന ഫീൽഡ് അസിസ്റ്റന്റിനെയും പാലക്കയത്തു നിയമിച്ചു. വില്ലേജ് ഓഫീസറെ അടുത്ത ദിവസം നിയമിക്കുമെന്നാണ് സൂചന.