ന്യൂഡൽഹി > ഹരിയാനയിൽ നടക്കുന്നത് ആസൂത്രിതമായ ആക്രമണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമാണ് നടക്കുന്നത്. രാഹുൽ ഗാന്ധിക്ക് അടിയന്തരമായി ലോക്സഭാംഗത്വം തിരികെ നൽകണമെന്നും യെച്ചൂരി പറഞ്ഞു.
വർഗീയ സംഘർഷത്തിന് പിന്നാലെ ഹരിയാനയിലെ നൂഹ്, പൽവൽ ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ചൊവ്വാഴ്ച വരെ നീട്ടി. എസ്എംഎസ് നിരോധനം തിങ്കളാഴ്ച അഞ്ചുമണിവരെയും തുടരും. കലാപം അടിച്ചമർത്താനെന്ന പേരിൽ ‘ബുൾഡോസർ രാജ്’ തുടരുകയാണ്. കലാപമേഖലയായ നൂഹിൽ ഷഹീദ് ഹസൻ ഖാൻ മേവാത്ത് മെഡിക്കൽ കോളേജിന് മുന്നിൽ മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള ഇരുപത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങൾ ജില്ലാ അധികൃതർ ശനിയാഴ്ച പൊളിച്ചു.
വർഷങ്ങളായി പ്രവർത്തിച്ചുവന്ന സ്ഥാപനങ്ങൾ അനധികൃതമെന്ന് ആരോപിച്ചാണ് പൊളിച്ചുമാറ്റിയത്. മൂന്നു ദിവസമായി നൂഹിൽ വിവിധ ഭാഗങ്ങളിലായി 50 – 60 കെട്ടിടങ്ങൾ പൊളിച്ചു. നൂഹിൽനിന്ന് 20 കിലോമീറ്റർ അകലെ തൗരുവിൽ കഴിഞ്ഞദിവസം റോഹിൻഗ്യൻ അഭയാർഥികളുടെ 250 കുടിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.
സംഘപരിവാർ സംഘടനകളായ ബജ്രംങ്ദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്രയാണ് ഹരിയാനയിലെ നാല് ജില്ലകളെ കലാപത്തിലേക്ക് തള്ളിവിട്ടത്. പശുക്കടത്ത് ആരോപിച്ച് രണ്ടുയുവാക്കളെ ഫെബ്രുവരിയിൽ കൊലപ്പെടുത്തിയ മോനു മനേസർ എന്ന സംഘപരിവാർ പ്രവർത്തകന്റെ യാത്രയിലെ സാന്നിദ്ധ്യമാണ് സംഘർഷത്തിന് വഴിയൊരുക്കിയത്.