കൊല്ലം> ശബരിമലയിലെ നിറപുത്തിരിക്ക് ഇക്കുറി തമിഴ്പ്പാടത്ത് വിളഞ്ഞ നെൽക്കതിരും. രാജപാളയം സ്വദേശി നാഗരാജനും തെങ്കാശി സ്വദേശി ഹരിസ്വാമിയും വിതച്ച നെൽക്കതിർ ശനി വൈകിട്ട് അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ എത്തിച്ചു. ഇവ രണ്ടുദിവസംകൊണ്ട് കച്ചികളഞ്ഞ് കെട്ടുകളായി നെൽക്കതിരാക്കി മാറ്റും. നെൽക്കതിരുമായുള്ള ഘോഷയാത്ര ഒമ്പതിന് പുലർച്ചെയാണ് അച്ചൻകോവിലിൽനിന്ന് ശബരിമലയ്ക്ക് പുറപ്പെടുക. നാഗരാജനും ഹരിസ്വാമിയും മുമ്പും വഴിപാടായി നെൽക്കതിർ നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിലെ പമ്പിളി എന്ന സ്ഥലത്ത് അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിനു അഞ്ചേക്കർ നെൽപ്പാടമുണ്ട്. അവിടെ ഇപ്പോൾ പാട്ടക്കൃഷിയാണ്. ഭൂമി പാട്ടത്തിനെടുത്തവർ ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് നെല്ല് സംഭാവന നൽകാറുണ്ട്. ഇത് അന്നദാനത്തിനാണ് ഉപയോഗിക്കുന്നത്. അടുത്തവർഷം ക്ഷേത്രം നേരിട്ട് കൃഷി നടത്തുന്നത് സംബന്ധിച്ചും ആലോചനയുണ്ട്.
ശബരിമലയിൽ നിറപുത്തരി ആഗസ്ത് പത്തിനാണ്. 2015 മുതൽ നിറപുത്തിരിക്ക് കതിര് കൊണ്ടുപോയിരുന്നത് അച്ചൻകോവിൽ ക്ഷേത്രത്തിൽ നിന്നാണ്. കഴിഞ്ഞ രണ്ടുവർഷമായി പാലക്കാട് ക്ഷേത്രത്തിൽ നിന്നായിരുന്നു. ഇക്കുറി പാലക്കാടിന് പുറമെ അച്ചൻകോവിലിനെക്കൂടി ദേവസ്വംബോർഡ് തീരുമാനിക്കുകയായിരുന്നു.