ആലുവ> ബാലികയെ പീഡിപ്പിച്ചുകൊന്ന അസ്ഫാക് ആലമിനെ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച് അന്വേഷകസംഘം സംഭവം പുനരാവിഷ്കരിച്ചു. ആലുവ മാർക്കറ്റിനുപിന്നിലെ കുറ്റിക്കാട്ടിൽ മണൽത്തിട്ടയിൽ എത്തിച്ചാണ് കൃത്യം പുനരാവിഷ്കരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്. സ്ഥലത്ത് ചെറിയ രീതിയിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
അതേസമയം കേസിൽ കൂടുതൽ അന്വേഷണത്തിനായി അന്വേഷകസംഘം ബിഹാറിലേക്കും ഡൽഹിയിലേക്കും തിരിച്ചു. എസ്ഐമാരുടെ നേതൃത്വത്തിൽ രണ്ട് സംഘമായി തിരിഞ്ഞാണ് ശനിയാഴ്ച യാത്രതിരിച്ചത്. പ്രതി അസ്ഫാക് ആലമിന്റെ വിലാസം, കുടുംബം, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ മുഴുവൻ വിവരങ്ങളും ശേഖരിക്കുകയാണ് ബിഹാറിലേക്ക് യാത്രയായ സംഘത്തിന്റെ ലക്ഷ്യം. ഇയാൾ ബിഹാർ അരാരിയ സ്വദേശിയാണെന്ന് വ്യക്തമാക്കുന്ന ആധാർ കാർഡിന്റെ പകർപ്പ് നേരത്തേ ലഭിച്ചിരുന്നു.
ഡൽഹി ഗാസിപുരിൽ 2018ൽ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അസ്ഫാക് ഒരുമാസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു. ഡൽഹിയിലേക്ക് തിരിച്ച അന്വേഷകസംഘം ഗാസിപുർ പൊലീസിൽനിന്ന് ഈ കേസിന്റെ വിശദാംശങ്ങൾ ശേഖരിക്കും. ഈ കേസിൽ ജാമ്യം എടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടെ പരിചയക്കാർ, സഹതടവുകാർ എന്നിവരെയും കണ്ടെത്തും.