തിരുവല്ല
പ്രസവിച്ചുകിടന്ന യുവതിയെ ഭർത്താവിന്റെ പെൺസുഹൃത്ത് നഴ്സിന്റെ വേഷത്തിലെത്തി വായു കുത്തിവച്ച് കൊല്ലാൻ ശ്രമിച്ചത് ആസൂത്രിതമെന്ന് പൊലീസ്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വെള്ളി വൈകിട്ട് നാലിനായിരുന്നു സംഭവം. ആലപ്പുഴ കാർത്തികപള്ളി സ്വദേശി സ്നേഹ(24)യെയാണ് കാർത്തികപള്ളി, കണ്ടല്ലൂർ സ്വദേശി എസ് അനുഷ(30) കൊല്ലാൻ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കുകയായിരുന്നു അനുഷയുടെ ലക്ഷ്യം.
അരുണും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയ അനുഷയും വർഷങ്ങളായി അടുപ്പത്തിലാണ്. അരുൺ അകൽച്ച കാട്ടുന്നു എന്ന് മനസ്സിലാക്കിയാണ് സ്നേഹയെ വകവരുത്താൻ തീരുമാനിച്ചത്. മൂന്ന് പ്രാവശ്യം കുത്തിവയ്ക്കാൻ ശ്രമിച്ചതായി എഫ്ഐആറിൽ പറയുന്നു. കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിഞ്ചും ഇവർ ധരിച്ച കോട്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചു. പ്രതിയെ പരുമലയിലെ ആശുപത്രിയിലും കായംകുളത്തും എത്തിച്ച് തെളിവെടുത്തു. അരുണിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. അനുഷ മാത്രമാണ് ഇപ്പോൾ പ്രതി. അനുഷയെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസം റിമാൻഡ് ചെയ്തു.
അരുണുമായി നേരത്തേ ബന്ധം|
അനുഷ രണ്ടാം വിവാഹം കഴിഞ്ഞശേഷവും അരുണുമായുള്ള ബന്ധം തുടർന്നു. കോളേജ് പഠനകാലം മുതൽ അരുണുമായി അടുപ്പത്തിലായിരുന്നു. ആദ്യ വിവാഹം വേർപെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ തീരുമാനിച്ചു. ഇത് നടക്കാത്തത് കൊണ്ടാണ് സ്നേഹയെ അപായപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവ് വിദേശത്താണ്.