കൊച്ചി
പ്രവാസി വ്യവസായിയിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ മരുമകനും കൂട്ടാളിയും അറസ്റ്റിൽ. കാസർകോട് സ്വദേശി മുഹമ്മദ് ഹാഫിസ്, കൂട്ടുപ്രതി എറണാകുളം സ്വദേശി അക്ഷയ് വൈദ്യൻ എന്നിവരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിയായ പ്രവാസി വ്യവസായി ലാഹിർ ഹസ്സനിൽനിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ബംഗളൂരു, എറണാകുളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലെ കെട്ടിട ഇടപാടുകളുടെ പേരിലാണ് ഭാര്യാപിതാവിൽനിന്ന് മുഹമ്മദ് ഹാഫിസ് പണം കൈക്കലാക്കിയത്. പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയതോടെ ലാഹിർ പൊലീസിനെ സമീപിക്കുകയും കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു.
ഗോവ, -കർണാടക ചുമതലയുള്ള ഇൻകംടാക്സ് ചീഫ് കമീഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമിച്ച് പണംതട്ടിയ കേസിൽ ഗോവ പൊലീസ് മുഹമ്മദ് ഹാഫിസിനെ അറസ്റ്റ് ചെയ്തിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ലാഹിറിന്റെ ആഡംബരവാഹനം തട്ടിയെടുത്തതിനും കേസുണ്ട്. മുഹമ്മദ് ഹാഫിസ് വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഭാര്യവീട്ടുകാരിൽനിന്ന് കൈക്കലാക്കിയ സ്വർണം തിരിച്ചുനൽകിയില്ലെന്ന പരാതിയിലും അന്വേഷണം പുരോഗമിക്കുന്നു. ആയിരത്തിലധികം പവൻ കൈക്കലാക്കിയിരുന്നു. ഇത് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ അബുദാബിയിലും കേസുള്ളതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അക്ഷയ് വൈദ്യനാണ് വ്യാജരേഖ ഉണ്ടാക്കി നൽകിയത്.
പ്രതികളെ അഞ്ചുദിവസം ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദേശമുള്ളതിനാൽ ഇരുവരെയും ജാമ്യത്തിൽ വിട്ടു.